സൂപ്പര്‍ ബൈക്കുകളിലെ രാജാവായ ട്രയംഫ് റോക്കറ്റ് 3 ആര്, റോക്കറ്റ് 3 ജി.ടി മോഡലുകളുടെ ബ്ലാക്ക് എഡിഷന് പതിപ്പ് അവതരിപ്പിച്ചു. റോക്കറ്റ് 3 ആര് ബ്ലാക്ക്, റോക്കറ്റ് 3 ജി.ടി. ട്രിപ്പിള്‍ ബ്ലാക്ക് എന്നിങ്ങനെ പേര് നല്കി എത്തിയിട്ടുള്ള ഈ ലിമിറ്റഡ് എഡിഷന് സൂപ്പര്‍ ബൈക്കുകളുടെ 1000 യൂണിറ്റ് വീതമാണ് ലോകത്തിന് മുഴുവനായി പുറത്തിറക്കുന്നത്. നിര്‍മിക്കുന്ന ഓരോ ബൈക്കുകള്‍ക്ക് പ്രത്യേകം വി.ഐ.എന്‍. നമ്പറും (വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ആധികാരികത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കും.
കൂടുതല്‍ ബ്ലാക്ക് നിറം നല്‍കിയും ഷാര്‍പ്പ് ലുക്ക് നല്‍കിയുമാണ് ബ്ലാക്ക് ലിമിറ്റഡ് എഡിഷന് മോഡലുകള്‍ എത്തിയിട്ടുള്ളത്. റോക്കറ്റ് 3 ആര് ബ്ലാക്കിന് മാറ്റ് ആന്‍ഡ് ഗ്ലോസി ബ്ലാക്ക് നിറമാണ് നല്‍കുന്നത്. ട്രയംഫ് ബാഡ്ജിങ്ങും പെട്രോള്‍ ടാങ്കിനും കറുപ്പാണ് അഴകേകുന്നത്. എന്നാല്‍, റോക്കറ്റ് 3 ജി.ടി. ബ്ലാക്കില്‍ മൂന്ന് ഷെയ്ഡുകളുള്ള ബ്ലാക്ക് പെയ്ന്റ് സ്കീം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റൈഡിങ്ങ് പൊസിഷനും കംഫര്‍ട്ടബിളും റെഗുലര്‍ മോഡലിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റോക്കറ്റ് ബ്ലാക്ക് എഡിഷന് മോഡലുകളിലെ എന്ജിന് കവര്‍, എക്സ്ഹോസ്റ്റ് ഹെഡര്‍, ഹീറ്റ് ഷീല്‍ഡ്, എന്‍ഡ് ക്യാപ് എന്നിവയ്ക്കും ബ്ലാക്ക് നിറം നല്‍കിയാണ് എത്തിയിട്ടുള്ളത്. റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി മഡ്ഗാര്‍ഡ്, ഹെഡ്ലൈറ്റ് ബെസല്‍സ്, ഫ്ളൈ സ്ക്രീന്‍ ഫിനീഷര്, റേഡിയേറ്റര്‍ കൗള്‍, ബാഡ്ജിങ്ങ് എന്നിവയ്ക്കും ബ്ലാക്ക് നിറം മിഴിവേകുന്നുണ്ട്. രണ്ട് ലിമിറ്റഡ് എഡിഷന് മോഡലുകളിലും കാര്‍ബണ്‍-ഫൈബര്‍ മഡ്ഗാര്ഡുകള് സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയാണ് എത്തിയിട്ടുള്ളത്.
റോക്കറ്റിന്റെ റെഗുലര്‍ മോഡലിലെ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ബ്ലാക്ക് എഡിഷനുകളിലും നല്‍കിയിരിക്കുന്നത്. 2500 സി.സി. ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 165 ബി.എച്ച്.പി. പവറും 221 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.73 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ ബൈക്കിനുണ്ട്. ഈ ബൈക്കുകളുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റെഗുലര്‍ മോഡലിന് 18.50 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
Content Highlights: Triumph Rocket 3 Black Editions Super Bikes Unveiled