
ഒല ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: Social Media
ഫുള്‍ച്ചാര്‍ജില്‍ മുന്നേറുന്ന ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയെ സുരക്ഷാ ആശങ്കകള്‍ പിടികൂടിയിരിക്കുന്നു. ആവര്‍ത്തിക്കുന്ന തീപ്പിടിത്തങ്ങളാണ് കാരണം. പല സംഭവങ്ങളിലും കാരണങ്ങള്‍ വ്യക്തമല്ല. ചാര്ജിങ്ങിലുണ്ടാകുന്ന പിഴവുമൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്നതാണെന്നാണ് ഇതുസംബന്ധിച്ച് ഒക്കിനാവ ഓട്ടോടെകിന്റെ പ്രാഥമിക നിഗമനം.
ഇന്ത്യയിലെ പല കമ്പനികളും വിപണിപിടിക്കാനുള്ള തിടുക്കത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. ചില കമ്പനികള്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററിയും മറ്റും ഇന്ത്യയുടെ കാലാവസ്ഥയ്ക്കും റോഡിനും ഇണങ്ങുന്നില്ല. അന്തരീക്ഷ താപനില ഉള്‍പ്പെടെ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളെക്കുറിച്ചും പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അപകടങ്ങളെക്കുറിച്ച് വിദഗ്ധസമിതി അന്വേഷിക്കുമെന്നും സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ട്.
ചാര്‍ജിങ്ങില്‍ ശ്രദ്ധിക്കേണ്ടത്
• വാഹനം ഓടിച്ചശേഷം അപ്പോള്‍ത്തന്നെ ചാര്‍ജ് ചെയ്യരുത്. ബാറ്ററി തണുക്കാന്‍ സമയം കൊടുക്കുക.
• അധികചാര്ജിങ് ഒഴിവാക്കുക. ചാര്‍ജ് മൊത്തം തീരാനും കാത്തുനില്‍ക്കരുത്. ചില കമ്പനികള്‍ക്ക് ചാര്‍ജിങ് പൂര്‍ണമായിക്കഴിഞ്ഞാല്‍ വൈദ്യുതി തനിയേ നില്‍ക്കുന്നതിനുള്ള സാങ്കേതികവിദ്യയുണ്ട്.
• കമ്പനി നിര്‍ദേശിച്ചിട്ടുള്ള ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക.
• ചാര്‍ജര്‍ ബാറ്ററിയുമായി ഘടിപ്പിക്കുമ്പോള്‍ ലൂസ് കോണ്ടാക്ട് ഇല്ലെന്ന് ഉറപ്പാക്കണം. അങ്ങനെയുണ്ടെങ്കില്‍ ചാര്‍ജറിന്റെ പിന് മാറ്റിയശേഷം മാത്രം ഉപയോഗിക്കുക.
• വായുസഞ്ചാരമുള്ളിടത്ത് ചാര്‍ജ് ചെയ്യുക. ഉറങ്ങുമ്പോള്‍ ചാര്‍ജ് ചെയ്യാനിടുന്നത് കഴിവതും ഒഴിവാക്കാം.
• ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന സോക്കറ്റിലേക്ക് ഡി.ബി. കണക്ഷന് ഉണ്ടാകണം.
• ചാര്‍ജറും ബാറ്ററിയും നനയരുത്. നനഞ്ഞാല്‍ ഉണങ്ങിയശേഷം മാത്രം ഉപയോഗിക്കുക.
• വാഹനം വാങ്ങുമ്പോള്‍ത്തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പിക്കുക. നിര്‍മാതാക്കള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അതേപടി പാലിക്കണം.
• വാഹനം കഴിവതും തണലത്ത് വെക്കുക.
• അഥവാ തീപിടിച്ചാല്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിക്കരുത്, അഗ്നിശമന യന്ത്രം ഉപയോഗിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..