പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമല്ല, പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, ഇത് നമ്മുടെ സുരക്ഷ കണക്കിലെടുത്താണെന്ന് ചിന്തിക്കുന്നതിന് പകരം ബാധ്യതയായി കരുതുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ വാഹന പരിശോധനയിലും മറ്റും പോലീസിന്റെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാന്‍ നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നവരും ചുരുക്കമല്ല.
എന്നാല്‍, നിയമം പാലിക്കുന്നുണ്ട് എന്ന് വരുത്തി തീര്‍ക്കുന്നതിനായി നിലവാരം കുറഞ്ഞ ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. വില കുറഞ്ഞ ഹെല്‍മറ്റുകള്‍ കുറക്കുവഴിയായി തിരഞ്ഞെടുക്കുന്നവരോടാണ് പോലീസിന്റെ മുന്നറിയിപ്പ്. അപകട സമയങ്ങളില്‍ വില കുറഞ്ഞ ഹെല്‍മറ്റുകള്‍ ഒരുപക്ഷെ കൂടുതല്‍ പരിക്കുകള്‍ക്ക് കാരണമായേക്കാമെന്നാണ് പോലീസിന്റെ ഭാഷ്യം. അതിനാല്‍ ഹെല്‍മറ്റില്‍ ശ്രദ്ധിക്കാനും ചില കാര്യങ്ങള്‍ പോലീസ് നിര്‍ദേശിക്കുന്നുണ്ട്.
ഹെല്‍മെറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ
സര്‍ട്ടിഫിക്കറ്റ്
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ഐ.എസ്.ഐ. മുദ്രണമുണ്ടാകും. ഇത്തരം ഹെല്‍മെറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ ഗതാഗത നിയമങ്ങള്‍ അനുശാസിക്കുന്ന സുരക്ഷ ഉറപ്പു നല്‍കുന്നുള്ളൂ. ഹെല്‍മെറ്റിന് പിന്‍ഭാഗത്തായാണ് സാധാരണ ഐ.എസ്.ഐ സ്റ്റിക്കര്‍ പതിപ്പിക്കാറ്. വ്യാജമായി ഐ.എസ്.ഐ. സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. അതിനാല്‍ ശരിയായ ഐ.എസ്.ഐ. മാര്‍ക്ക് ആണോ ഹെല്‍മെറ്റില്‍ വാങ്ങുന്നതിനു മുന്‍പ് ഉറപ്പു വരുത്തുക.
നിര്‍മിത വസ്തു
ഹെല്‍മെറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയല്‍ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നല്കുന്നതായിരിക്കണം.
ആകൃതി
ഓരോരുത്തരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.
വലുപ്പം
ഓരോരുത്തരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.
വായുസഞ്ചാരം
മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. വിയര്‍പ്പ് വലിച്ചെടുക്കാന്‍ കഴിയുന്നതും ചൂട് വര്‍ധിക്കാത്തതുമായ ഹെല്‍മെറ്റ് വാങ്ങുക.
കവറേജ്
തല മുഴുവന്‍ മൂടുന്ന ഫുള്‍ ഫേസ് ഹെല്‍മെറ്റുകളാണ് ഏറ്റവും അധികം സുരക്ഷ നല്‍കുന്നത്.
വൈസര്‍
ഹെല്‍മെറ്റ് വൈസര്‍ വ്യക്തമായതോ (transparent) നിറമുള്ളതോ ആയ മെറ്റീരിയലില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. Transparent ആയതും യു.വി സംരക്ഷണം നല്കുന്നവയാണ് അഭികാമ്യം.
ഭാരം
1200 മുതല്‍ 1350 ഗ്രാം ഭാരം വരുന്ന ഹെല്‍മെറ്റുകളാണ് ഏറ്റവും ഉത്തമം. ഭാരം കൂടുതലുള്ള ഹെല്‍മെറ്റുകള്‍ പലപ്പോഴും കൂടുതല്‍ സുരക്ഷ നല്കുന്നു എന്നൊരു തെറ്റിദ്ധാരണയുണ്ട്. അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല കഴുത്തിലെ മസിലുകള്‍ക്ക് ആവശ്യമില്ലാതെ സമ്മര്‍ദ്ദം നല്‍കും ഇത്തരം ഹെല്‍മെറ്റുകള്‍. ഓരോ ഹെല്‍മെറ്റിന്റെയും ഭാരത്തെപ്പറ്റി ഹെല്‍മെറ്റിനകത്തുള്ള സ്ലിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ടാകും.
ചിന് സ്ട്രാപ്സ്
ചിന് സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മെറ്റ് സുരക്ഷിതമായി താടിയില്‍ ഉറപ്പിക്കാനാവണം. ചിന്‍സ്ട്രാപ് ഇട്ടു ഹെല്‍മറ്റ് കൃത്യമായി ഉപയോഗിച്ചാല്‍ അപകടങ്ങളുടെ ആഘാതം കുറയ്ക്കാനാകും . ഇങ്ങനെ സംഭവിക്കണമെങ്കില്‍ ചിന്‍സ്ട്രാപ് മുറുക്കി ഹെല്‍മറ്റ് തലയില്‍ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കണം.
ഒതുക്കം
ഹെല്‍മെറ്റ് ധരിച്ച ശേഷം തല മുന്നോട്ടും താഴോട്ടും വേഗത്തില്‍ ചലിപ്പിക്കുക. ഹെല്‍മെറ്റിന്റെ സ്ഥാനം തെറ്റുന്നുണ്ടെങ്കില്‍ ഫിറ്റിങ് ശരി ആയില്ല എന്ന് ചുരുക്കം. വലിപ്പം ഒരല്പം കുറവുള്ള ഹെല്‍മെറ്റ് തിരഞ്ഞെടുക്കുക. മാത്രമല്ല ഹെല്മെറ്റിനകത്തെ പാഡിങ്ങും കവിള് ഭാഗവും ചേര്‍ന്നിരിക്കണം. സ്ട്രാപ്പ് ഇട്ടതിനു ശേഷം ഫിറ്റിങ് സുഖകരമാണോ എന്ന് നോക്കിയ ശേഷം ഹെല്‍മെറ്റ് വാങ്ങുക.
Content Highlights: Tips for selecting helmet, Helmet for safety, two wheeler riders helmet selection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..