രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ പണിപുരയിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായി തുടങ്ങും. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ടിവിഎസ്.

ഗ്രീന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്അപ്പായ ആള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ സഹകരണത്തോടെയാണ് ടിവിഎസ് ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. മണിക്കൂറില്‍ 138 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനം നിര്‍മിക്കാനാണ് ഈ കമ്പനികള്‍ തയാറെടുക്കുന്നത്. 

200 മുതല്‍ 250 സിസിക്ക് സമാനമായ ശേഷിയുള്ള മോട്ടോറായിരിക്കും ഈ വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. അതുകൊണ്ട് തന്നെ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. 2019-ഓടെ ബൈക്ക് പുറത്തിറക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

200 സിസി ബൈക്ക് ശ്രേണിയില്‍ ഏറ്റവും വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനം കെടിഎം ഡ്യൂക്ക് 200 ആണ്. മണിക്കൂറില്‍ 138 കിലോമീറ്റര്‍ വേഗതയാണ് ഡ്യൂക്കിന്റെ വേഗത. എന്നാല്‍, 150 കിലോമീറ്റര്‍ വേഗത കൈവരിച്ച് ഈ റെക്കോഡ് സ്വന്തമാക്കാനുള്ള നീക്കവും ടിവിഎസ് നടത്തുന്നുണ്ട്.

ഉയര്‍ന്ന വേഗത കൂടാതെ ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷിയും ഈ വാഹനത്തില്‍ നല്‍കും. അതേസമയം, സ്റ്റൈലിന്റെയും മറ്റും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നുമാണ് ടിവിഎസിന്റെ ഭാഷ്യം.