ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പ്രീമിയം പെര്‍ഫോമെന്‍സ് മോഡലായ M 1000 RR ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ ബൈക്ക് ഇന്ത്യയില്‍ എത്തുന്നത്. M 1000RR, M 1000RR കോംപറ്റീഷന്‍ എന്നീ രണ്ട് പതിപ്പുകളില്‍ എത്തുന്ന ഈ സൂപ്പര്‍ ബൈക്കിന് യഥാക്രമം 42 ലക്ഷം രൂപയും 45 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.
ബി.എം.ഡബ്ല്യു. മുമ്പ് വിപണിയില്‍ എത്തിച്ചിട്ടുള്ള S 1000RR പതിപ്പിന്റെ എം പെര്‍ഫോമെന്‍സ് പതിപ്പാണ് ഈ മോഡല്‍. എം ജി.പി.എസ്. ലാപ്പ് ട്രിഗര്‍, പാസഞ്ചര്‍ കിറ്റ്, ബാക്ക് സീറ്റ് കവര്‍, എം.കാര്‍ബണ്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ മഡ്ഗാര്‍ഡ്, എം കാര്‍ബണ്‍ അപ്പര്‍ ഫെയറിങ്ങ് സൈഡ് പാനല്‍, എം ടാങ്ക് കവര്‍, എം കാര്‍ബണ്‍ ചെയിന്‍ കവര്‍, എം ബില്ലെറ്റഅ പാക്ക് തുടങ്ങിയ ഫീച്ചറുകളാണ് ഈ ബൈക്കില്‍ അധികമായി ഒരുക്കിയിട്ടുള്ളത്.
ട്രാക്കുകള്ക്കായാണ് ഒരുക്കിയിട്ടുള്ളതെങ്കിലും റോഡില്‍ ഓടിക്കുന്നതിനും അനുമതി ലഭിക്കുന്നുണ്ട്. ബി.എം.ഡബ്ല്യുവിന്റെ റേസ് പ്രോ റൈഡിങ്ങ് മോഡിനൊപ്പം പുതിയ 6 ആക്സിസ് ഐ.എം.യു. ബോക്സും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇത് ആവശ്യാനുസരണം ട്രാക്ഷന്‍ കണ്ട്രോള്, വീലി കണ്ട്രോള്, എന്ജിന് ബ്രേക്കിങ്ങ് എന്നിവ ലഭ്യാമാക്കും. കോംപറ്റീഷന്‍ പതിപ്പില്‍ എം ബ്രേക്കും എം കാര്‍ബണ്‍ വീലുകളും ഓപ്ഷണലായി നല്‍കുന്നുണ്ട്.
999 സി.സി. നാല് സിലിണ്ടര്‍ എന്‍ജിനാണ് M 1000 RR-ന് കരുത്തേകുന്നത്. ഇത് 209 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ ബൈക്ക് കേവലം 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 306 കിലോമീറ്ററാണ് ഈ ബൈക്കിന്റെ പരമാവധി വേഗത. ഈ പെര്‍ഫോമെന്‍സ് ബൈക്കിനായുള്ള ബുക്കിങ്ങ് ബി.എം.ഡബ്ല്യു ഷോറൂമുകളിലും ഓണ്‍ലൈനിലും ആരംഭിച്ചതായി കമ്പനി അറിയിച്ചു.
Content Highlights: The all-new BMW M 1000 RR launched in India