തൃശ്ശൂരിന്റെ സ്വന്തം ഇലക്ട്രിക് സ്‌കൂട്ടറാണ് ടെസ്. തൃശ്ശൂര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നതിന്റെ ചുരുക്കമാണിത്. സെന്റ് തോമസ് ട്രേഡേഴ്സ് മാനേജിങ് ഡയറക്ടര്‍ അലക്‌സ് കള്ളിക്കാടനാണിതിന്റെ നിര്‍മാതാവ്. അയ്യന്തോള്‍ ചുങ്കത്ത് ഫാക്ടറിയും തൃശ്ശൂര്‍ എം.ജി. റോഡ് റെയില്‍പ്പാലത്തിന് സമീപം ഷോറൂമും തുറന്നു.

സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഘടകങ്ങളും പുറമേനിന്ന് വാങ്ങുന്നവയും ചേര്‍ത്തിണക്കിയാണിത് നിര്‍മിച്ചിരിക്കുന്നത്. പരമാവധി വേഗം 25 കിലോമീറ്ററാണ്. അതിനാല്‍, രജിസ്‌ട്രേഷനും ഓടിക്കാന്‍ ലൈസന്‍സും വേണ്ട.

ബാറ്ററിയുടെ ക്ഷമതയ്ക്കനുസരിച്ചാണ് വില. ഒറ്റച്ചാര്‍ജിന് 50 മുതല്‍ 200 കിലോമീറ്റര്‍ വരെ ക്ഷമതയുള്ള ഇനങ്ങളുണ്ട്. 48000 മുതല്‍ 105000 വരെയാണ് വില. മൂന്നുവര്‍ഷത്തെ വാറന്റിയുള്ള ബാറ്ററിക്ക് 10 വര്‍ഷം വരെ ക്ഷമതയുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 

ലിഥിയം ബാറ്ററിയും ലെഡ് ആസിഡ് ബാറ്ററിയും ലഭ്യമാണ്. മൂന്നുമണിക്കൂര്‍കൊണ്ട് ലിഥിയം ബാറ്ററി പൂര്‍ണമായി ചാര്‍ജാകും. ലെഡ് ആസിഡ് ബാറ്ററി ഏഴ് മണിക്കൂര്‍ കൊണ്ടും.

Content Highlights: Tess, An Electric Scooter From Thrissur