സുസുക്കിയില്‍ നിന്ന് മുമ്പ് പുറത്തിറങ്ങിയ ടു വീലര്‍ സങ്കല്‍പങ്ങളെയെല്ലാം പൊളിച്ചെഴുതിയ മോഡലായിരുന്നു ജിക്‌സര്‍. യമഹയുടെ എഫ്ഇസഡ് നിരത്ത് വാണിരുന്ന ഇടത്തേക്ക് കടന്നുവന്ന ജിക്‌സര്‍ വന്‍ വിജയമായിരുന്നു. ജിക്‌സറിന്റെ നാമം സ്വീകരിച്ച് പിന്നാലെയെത്തിയ മോഡലുകളും വിജയം ആവര്‍ത്തിച്ചവയാണ്.

ഈ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ജിക്‌സറിന്റെ കുറച്ചുകൂടി ഉയര്‍ന്ന് മോഡല്‍ നിരത്തിലെത്തിക്കാന്‍ സുസുക്കി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. പ്രദേശികമായി നിര്‍മിക്കുന്ന ജിക്‌സര്‍ 250-യാണ് പുതിയ പരീക്ഷണം. ഇപ്പോള്‍ നിരത്തുവാഴുന്ന എഫ്ഇസഡ് 25, ഡ്യൂക്ക് 250 എന്നിവയായിരിക്കും ജിക്‌സര്‍ 250യുടെ എതിരാളികള്‍.

ജിക്‌സര്‍ 250യുടെ മാതൃക സംബന്ധിച്ച ചില സൂചനകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ജിക്‌സര്‍ 150യുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന പുതിയ മോഡല്‍, സുസുക്കി ജിഎസ്എക്‌സ് 300ന്റെ മോഡലിലായിരിക്കും രൂപകല്‍പന ചെയ്യുക. 

മസ്‌കുലാര്‍ ലുക്കില്‍ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ജിക്‌സര്‍ 250-ക്ക് എല്‍ഇഡി ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പിനുമൊപ്പം ഡിജിറ്റര്‍ മീറ്റര്‍ കണ്‍സോളുമായിരിക്കും നല്‍കുകയെന്നാണ് സൂചന. 

മോണോ ഷോക്ക് സസ്‌പെന്‍ഷനില്‍ പുറത്തിറക്കുന്ന ജിക്‌സര്‍ 250യുടെ മുന്നിലും പിന്നിലും എബിഎസ് ബ്രേക്കിങ് സംവിധാനവും ഒരുക്കുന്നുണ്ട്. ഏകദേശം 1.5 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Content Highlights: Suzuki Planning to Make Gixxer-250 In India