വിദേശത്തെ പോലീസുകാര്‍ക്ക് സമാനമായി കോഴിക്കോട്ടെ ട്രാഫിക് പോലീസും ഇനി സ്‌പോര്‍ട്‌സ് ബൈക്കിലെത്തും. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ട്രാഫിക് പോലീസിന് അഞ്ച് സുസുക്കി ജിക്‌സര്‍ 250 ബൈക്കുകള്‍ എത്തിയത്. സുസുക്കിയുടെ കോര്‍പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് ബൈക്കുകള്‍ സമ്മാനിച്ചത്. 

തിരക്കുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കാന്‍ മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണര്‍ എ.കെ. ജമാലുദ്ദീന് സുസൂക്കി മാനേജിങ് ഡയറക്ടര്‍ സി.പി. അബ്ദുള്ള, സുസൂക്കി റീജണല്‍ മാനേജര്‍മാരായ കൃഷ്ണപ്രശാന്ത്, ദിലീപ് എന്നിവര്‍ ബൈക്കുകളുടെ താക്കോല്‍ കൈമാറി. 

പോലീസിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ബൈക്കുകള്‍ കൈമാറിയത്. വെള്ള നിറത്തിലുള്ള ജിക്സര്‍ 250-യാണ് പോലീസിന് നല്‍കിയത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍, സൈഡ് ബോക്സുകള്‍, വിന്‍ഡ് ഷീല്‍ഡ് എന്നിവ ഈ ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിന്‍ഡ് ഷീല്‍ഡ്, സൈഡ് ബോക്സ്, പെട്രോള്‍ ടാങ്ക് എന്നിവടങ്ങളില്‍ പോലീസ് സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്.

സുസുക്കിയുടെ കോര്‍പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സൂറത്ത് പോലീസിനും ഗുരുഗ്രാം പോലീസിനും ഇതേ ബൈക്കുകള്‍ സമ്മാനിച്ചിരുന്നു. 2018-ലാണ് സുസുക്കി ഈ ഉദ്യമം ആരംഭിക്കുന്നത്. ഗുരുഗ്രാം പോലീസിന് ആകെ 20 ബൈക്കുകളും സുറത്ത് പോലീസിന് അഞ്ച് ബൈക്കുകളുമാണ് നല്‍കിയിട്ടുള്ളത്.

249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ജിക്സര്‍ എസ്എഫില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈസി സ്റ്റാര്‍ട്ട് സിസ്റ്റവുമുള്ള ഈ ബൈക്കില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എബിഎസുമാണ് സുരക്ഷയൊരുക്കുന്നത്.

Content Highlights: Suzuki Motors Handover Five Gixxer 250 To Kozhikode Traffic Police