ക്‌സെസ് 125 എന്ന ഒരു മോഡലിലൂടെ മാത്രം ഇന്ത്യയിലെ സ്‌കൂട്ടര്‍ ശ്രേണിയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് സുസുക്കി. സ്‌കൂട്ടര്‍ നിര വിപുലമാക്കുന്നതിന്റെ ഭാഗമായി 125 സി.സി. സെഗ്മെന്റില്‍ പുതിയ ഒരു മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ് ഈ ഇരുചക്ര വാഹന നിര്‍മാതാക്കള്‍. അവെനിസ് 125 എന്ന് പേരില്‍ എത്തിയിട്ടുള്ള പുതിയ മോഡലിന് 86,700 രൂപ മുതലാണ് എക്‌സ്‌ഷോറും വില. 

125 സി.സി. ശ്രേണിയില്‍ സുസുക്കി എത്തിച്ചിട്ടുള്ള ആക്‌സെസ്, ബെര്‍ഗ്മാന്‍ സ്ട്രീറ്റ് തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പമായിരിക്കും അവെനിസും വില്‍പ്പനയ്ക്ക് എത്തുക. പുതുതലമുറ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് എത്തിയിട്ടുള്ള അവെനിസ്, ടി.വി.എസ്. എന്‍ടോര്‍ക്ക്, ഹീറോ മാസ്‌ട്രോ എഡ്ജ്, ഹോണ്ട ഗ്രാസിയ, അപ്രീലിയ 125 തുടങ്ങി ഈ ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമായ സ്‌കൂട്ടറുകളുമായായിരിക്കും ഏറ്റുമുട്ടുക.

എതിരാളികള്‍ക്കൊപ്പം തന്നെ സ്‌പോര്‍ട്ടി ഭാവം ഉള്‍ക്കൊണ്ടാണ് ഈ വാഹനവും എത്തിയിരിക്കുന്നത്. മസ്‌കൂലര്‍ ഭാവത്തിലുള്ള ഫ്രണ്ട് ഏപ്രണ്‍, എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയുള്ള ട്രെപ്‌സോയിഡല്‍ ഹെഡ്‌ലാമ്പ്, ഹാന്‍ഡില്‍ ബാര്‍ കൗളില്‍ നല്‍കിയിട്ടുള്ള ഇന്റിക്കേറ്റര്‍, വലിപ്പം കുറഞ്ഞ ഫ്‌ളൈ സ്‌ക്രീന്‍, സ്റ്റൈലിഷായ ഗ്രാഫിക്‌സുകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ബൈക്കിന് സമാനമായ ഇന്റിക്കേറ്റര്‍ എന്നിവയാണ് ഈ സ്‌കൂട്ടറിന് രൂപഭംഗി നല്‍കുന്നത്. 

പുതുതലമുറ സ്‌കൂട്ടറുകള്‍ക്ക് സമാനമായ കണക്ടഡ് സ്‌കൂട്ടറാണ് അവെനിസും എത്തിയിട്ടുള്ളത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. ബ്ലുടൂത്തിന്റെ സഹായത്തോടെ സുസുക്കി റൈഡ് കണക്ട് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മെസേജ് ആന്‍ഡ് കോള്‍ അലേര്‍ട്ട് എന്നിവയും ലഭ്യമാക്കും. എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ക്യാപ്, യു.എസ്.ബി. ചാര്‍ജര്‍ തുടങ്ങിയവയും ഇതിലുണ്ട്.

125 സി.സി. സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 8.6 ബി.എച്ച്.പി. പവറും 10 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടി. ട്രാന്‍സ്മിഷനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ സിംഗിള്‍ ഷോക്കുമാണ് അവെനിസില്‍ സുഖയാത്ര ഒരുക്കുന്നത്. നാല് നിറങ്ങളിലും ഈ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നുണ്ട്.

Content Highlights; Suzuki Motorcycle India Launches Brand New Scooter, Suzuki Avenis 125