ന്ത്യന്‍ നിരത്തുകള്‍ ഇലക്ട്രിക് വിപ്ലവത്തിന് വേദിയാകാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കിയും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ജപ്പാന്‍ വാഹന നിര്‍മാതാക്കളായ സുസുക്കിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനം അടുത്ത വര്‍ഷം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് സൂചന. മാരുതി സുസുക്കിയുമായി സഹകരിച്ചാണ് വാഹനങ്ങളുടെ വില്പന നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാകുന്നതോടെയായിരിക്കും സുസുക്കിയുടെ ഇ-ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തിലെത്തി തുടങ്ങുകയെന്നാണ് സൂചന.

എന്നാല്‍, സ്‌കൂട്ടറിന്റെ വിലയടക്കം മറ്റ് വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുസുക്കി ടൊയോട്ട ഇലക്ട്രിക് സാങ്കേതികവിദ്യയുടെ സഹകരണത്തോടെയായിരിക്കും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നാണ് സൂചന. 

സര്‍ക്കാര്‍ തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ 50,000-ത്തില്‍ അധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ളതെന്നും സൂചനയുണ്ട്.

Content Highlights: Suzuki Is Planning For Electric Scooters And Bikes in India