ന്ധനവില 100 കടക്കുകയും അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയില്‍ ഉയരുകയും ചെയ്യുന്ന സാഹചര്യമാണ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തുമുള്ളത്. ഈ സാഹചര്യത്തില്‍ തന്റെ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായുമായി ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്കെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനിച്ചിരിക്കുകയാണ് സൂറത്തിലെ ഒരു കമ്പനി. 

ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംബ്രോഡറി മെഷിന്‍ കമ്പനിയായ അലൈന്‍സ് ഗ്രൂപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ഒഖിനാവയുടെ പ്രൈസ് പ്രോ എന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സമ്മാനിച്ചിരിക്കുന്നത്. 76,848 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറും വില. കമ്പനിയിലെ 35 ജീവനക്കാര്‍ക്കും ഈ സ്‌കൂട്ടര്‍ ദീപാവലിയുടെ ഭാഗമായി സമ്മാനിച്ചിട്ടുണ്ടെന്നാണ് കമ്പനി മേധാവികള്‍ അറിയിച്ചിരിക്കുന്നത്.

ദിനംപ്രതി വര്‍ധിച്ച് വരുന്ന ഇന്ധനവിലയും മറ്റ് കാരണങ്ങളും പരിഗണിച്ചാണ് ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ ഇന്ധന ചെലവ് ലാഭിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്ന നീക്കമാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ മേധാവി അറിയിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും ഇത്തരം നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. 

2.0 kWh ലിഥിയം അയേണ്‍ ബാറ്ററിയും 1000 വാട്ട് ബ്രെഷ് ലെസ് ഡി.സി. മോട്ടോറുമാണ് ഒഖിനാവ പ്രൈസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 88 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മൈക്രോ ചാര്‍ജര്‍ ഉപയോഗിച്ച് മൂന്ന് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 58 കിലോമീറ്ററാണ് ഈ സ്‌കൂട്ടര്‍ നല്‍കുന്ന പരമാവധി വേഗത.

Content Highlights: Surat Company Give Electric Scooter To Their Employees As Diwali Gift