ബൈക്കുകള്‍ സ്റ്റാര്‍ട്ടാക്കാന്‍ താക്കോലോ സ്വിച്ചോ വേണം. എന്നാല്‍, കുന്നന്താനം മുണ്ടിയപ്പള്ളി നോയല്‍ വി.എടേട്ടിന്റെ ബൈക്കിന് ഇതൊന്നും വേണ്ട. ഉടമസ്ഥന്‍ പറഞ്ഞാല്‍ അത് സ്റ്റാര്‍ട്ടാകും. മൊബൈലില്‍ നിര്‍ദേശം നല്‍കിയും പ്രവര്‍ത്തിപ്പിക്കാം. പെട്രോള്‍ ടാങ്കിന് മുകളില്‍ പതിച്ച ചിത്രം ക്യാമറയില്‍കൂടി നോക്കി, അതില്‍ വരുന്ന ബട്ടണ്‍ അമര്‍ത്തിയാലും സ്റ്റാര്‍ട്ടാകും. 

അടുത്തുകാണുന്ന മറ്റൊരു ബട്ടണില്‍ പിടിച്ചാല്‍ നില്‍ക്കും. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയാണ് ഇത് സാധിക്കുന്നത്. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് വഴി 'സ്റ്റാര്‍ട്ട് ദി ബൈക്ക്' എന്ന് പറഞ്ഞാലും മതി. അതേപോലെ ഓഫാക്കുകയും ചെയ്യാം. ഇതേരീതിയില്‍ ഹെഡ്ലൈറ്റും ഇന്‍ഡിക്കേറ്ററുകളും ഇടാം. ഹോണ്‍ മുഴക്കാം. ഇനി യാത്ര തുടങ്ങിയാലോ പോകുന്ന വഴികളെല്ലാം മാപ്പില്‍ കാണിക്കും. 

അനുവാദത്തോടെ മറ്റൊരാള്‍ ബൈക്ക് എടുത്താലും ലോകത്തിന്റെ ഏത് കോണിലിരുന്നും നോയലിന് വണ്ടിയുടെ ഗതിയും വേഗവും മൊബൈലിലെ മാപ്പില്‍ നിന്നറിയാം. അനുമതിയില്ലാതെ മറ്റാരെങ്കിലും വണ്ടി ഓടിക്കാന്‍ ശ്രമിച്ചാല്‍ ആദ്യം ഹോണ്‍ അടിക്കും പിന്നെ നിര്‍ത്താതെ സൈറണ്‍ മുഴങ്ങും. ഉടമയുടെ ഫോണിലേക്ക് സന്ദേശവും വിളിയും വരും. ഇവിടെയും മാപ്പ് പ്രവര്‍ത്തിക്കും.

ഇടപ്പള്ളി സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ അവസാനവര്‍ഷ ഇലക്ട്രോണിക്‌സ് എം.എസ്സി. വിദ്യാര്‍ഥിയായ നോയല്‍, പഠനത്തിനാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. അമല്‍ ജോസഫ്, ജെഫ്രിന്‍ ജെയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കോവിഡ് കാലത്ത് കുന്നന്താനത്തെ വീട്ടിലിരുന്ന് പ്രോജക്ട് ചെയ്യുമ്പോള്‍ പുന്നപ്ര എന്‍ജിനീയറിങ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അനുജന്‍ നെവിനും വയറിങ്ങിനൊക്കെ സഹായിച്ചിരുന്നു. സ്മാര്‍ട്ട് ബൈക്ക് അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന് ഏഴായിരം രൂപ ചെലവായി. വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ഇത്രയും വേണ്ടിവരില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

Content Highlights: Smart Bike By Noyal, App Based Bike, Msc Electronics Students