ബ്രിട്ടീഷ് തറവാട്ടില്‍ നിന്നുള്ള ഐക്കണിക് സ്‌കോമാഡി സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക്. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AJ പെര്‍ഫെമന്‍സ് കമ്പനിയുമായി കൈകോര്‍ത്താണ് സ്‌കോമാഡി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നത്. ഒരുകാലത്ത് നിരത്തുകളിലെ തരംഗമായിരുന്ന ക്ലാസിക് സ്‌കൂട്ടര്‍ ലാംബ്രട്ട ജിപി ശൈലിയിലാണ് സ്‌കോമാഡി സ്‌കൂട്ടറുകളുടെ രൂപകല്‍പന. സ്‌കോമാഡി കൂടുംബത്തിലെ TT 125 മോഡലാണ് ആദ്യം ഇങ്ങോട്ടെത്തുകയെന്നാണ് റിപ്പോര്‍ട്ട്. 

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാങ്ക് സന്റഴ്‌സണും പോള്‍ മെലിച്ചിയും ചേര്‍ന്നാണ് സ്‌കോമാഡി സ്ഥാപിച്ചത്. ചെറിയ തോതില്‍ ഹാന്‍ഡ് ബില്‍ഡ് സ്‌കൂട്ടറുകളില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് മുന്‍ നിര കമ്പനികളോട് മത്സരിക്കാവുന്ന വിധം മോഡലുകള്‍ അവതരിപ്പിച്ചു. TT 125 മോഡലിന്റെ അരങ്ങേറ്റത്തിന് ശേഷം ടുറിസ്‌മോ ലഗേറ 50, ടിഎല്‍ 200, ടിഎല്‍ 125, ടിടി 200ഐ, ടുറിസ്‌മോ ടെക്‌നിക്ക 125 തുടങ്ങി സ്‌കോമാഡി നിരയിലെ മുഴുവന്‍ വാഹനങ്ങളും ഇന്ത്യയിലെത്തിയേക്കും. 

ആദ്യഘട്ടത്തില്‍ മേയ് മാസത്തോടെ തായ്‌ലാന്‍ഡില്‍ നിന്ന് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന രൂപത്തിലാണ് സ്‌കോമാഡി TT 125 എത്തുന്നത്. അതിനാല്‍ വിലയും അല്‍പം ഉയരും. ഏകദേശം രണ്ടു ലക്ഷം രൂപയായിരിക്കും പുണെയിലെ എക്‌സ് ഷോറൂം വില. ധാരാളം കസ്റ്റമൈസേഷന്‍ സൗകര്യങ്ങളും കമ്പനി ഓഫര്‍ ചെയ്യും. അപ്രീലിയയില്‍ നിന്നെടുത്ത 2 വാള്‍വ് 125 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 7300 ആര്‍പിഎമ്മില്‍ 11 എച്ച്പി പവര്‍ നല്‍കും എന്‍ജിന്‍. അപ്‌ഗ്രേഡ് ചെയ്യാവുന്ന എക്‌സ്‌ഹോസ്റ്റ് വഴി പവര്‍ 15 എച്ച്.പി.യില്‍ എത്തിക്കാം.

Scomadi

എന്‍ജിന്‍ കരുത്ത് കണക്കിലെടുക്കുമ്പോള്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125, അപ്രീലിയ SR 125 എന്നിവയുടെ അതേ ശ്രേണിയില്‍പ്പെടും TT 125. ബോഡി പൂര്‍ണമായും ക്ലാസിക് സ്റ്റൈലിലാണ്. ആകെ 100 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 11 ലിറ്ററാണ് ഫ്യുല്‍ ടാങ്ക് കപ്പാസിറ്റി. സുരക്ഷയ്ക്ക് മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്യുവല്‍ ചാനല്‍ എബിഎസോടെ 200 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്. 

Content Highlights; Scomadi to launch Lambretta GP-styled classic scooters in India soon