വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പൊതുവെ ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ നിരത്തുകളില്‍ ഇതിനായി ഏറെ കഷ്ടപ്പെടുന്നവരാണ് അംഗപരിമിതര്‍. കാരണം, പാര്‍ക്ക് ചെയ്ത അവരുടെ വാഹനം പിന്നോട്ടെടുക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം. 

ഇത് മനസ്സിലാക്കി 200 രൂപയില്‍ താഴെ മാത്രം ചെലവുവരുന്നതും ഒപ്പം, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വാഹനത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അംഗപരിമിതര്‍ക്കായി 'റിവേഴ്സബിള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍' രൂപകല്പന ചെയ്തിരിക്കുകയാണ് കറുകുറ്റി എസ്.സി.എം.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍.

ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന ഡി.പി.ഡി.ടി. സ്വിച്ചിന്റെ സന്ദര്‍ഭോചിതമായ ഉപയോഗത്തിലൂടെ വാഹനത്തെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാന്‍ സാധിക്കും. വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനും കൂട്ടുന്നതിനും വാഹനം ഉപയോഗിക്കുന്ന വ്യക്തിക്ക് അനായാസേന സാധിക്കുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിച്ച ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍രാജ് പറഞ്ഞു.

വാഹനത്തിന്റെ പിന്‍ചക്രങ്ങളിലാണ് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ മോട്ടോറിന്റെ പ്രവര്‍ത്തനത്തിലൂടെ വേഗവും വാഹനത്തിലെ മറ്റു ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാം. മോട്ടോര്‍ കണ്‍ട്രോളര്‍ മുഖേനയാണ് ഇവ സാധ്യമാക്കുന്നത്.

'ശാസ്ത്ര-സാങ്കേതിക മേഖല വളരെയധികം പുരോഗമിച്ചെങ്കിലും ഇപ്പോഴും സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് അംഗപരിമിതര്‍. പല സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന ഇവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 

സ്വന്തമായി വാഹനം ഉപയോഗിക്കുന്നതില്‍ അവര്‍ ഒരുപാട് പരിമിതികള്‍ നേരിടുന്നുണ്ട്. അവരുടെ യാത്രാ ആവശ്യങ്ങള്‍ക്കായി അവര്‍ സാധാരണ ഉപയോഗിക്കുന്നത് പ്രധാനമായും ഇരുവശങ്ങളിലും ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങളാണ്. പാര്‍ക്ക് ചെയ്തിരിക്കുന്ന അവരുടെ വാഹനങ്ങള്‍ പിറകോട്ടു ചലിപ്പിക്കാന്‍ അവര്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. 

മാത്രമല്ല, വാഹനയാത്രയ്ക്കിടയില്‍ പലപ്പോഴും അവര്‍ക്ക് വാഹനം പിന്നോട്ട് ചലിപ്പിക്കുന്നതിന്റെ ആവശ്യകത ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിക്കാറില്ല. അവരുടെ ഈ ആവശ്യം മനസ്സിലാക്കിയാണ് ഞങ്ങള്‍ ഈ പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്' -ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികളായ വിഷ്ണു വി.എസ്., ആല്‍ബിന്‍ എം.പി., സച്ചിന്‍ കെ. സുഭാഷ്, അലന്‍ ആന്റോ എന്നിവര്‍ പറഞ്ഞു.

കേവലം രണ്ട് 'ഡി.പി.ഡി.ടി. സ്വിച്ചി'ന്റെ മാത്രം ചെലവുവരുന്ന ഈ സംവിധാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു.

'അംഗവൈകല്യം ഉള്ളവര്‍ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല, അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും അതിനായി പുതിയ സംവിധാനങ്ങള്‍ നിര്‍മിക്കുകയും ചെയ്യേണ്ടത് നല്ലൊരു എന്‍ജിനീയറുടെ കടമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭാവിയില്‍ സാങ്കേതികമായ പുതിയ സംവിധാനങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ച് ഈ പ്രോജക്ട് സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' -വിദ്യാര്‍ഥികള്‍ പറഞ്ഞു.

Content Highlights: SCMS Develops New Scooter For Physically Challenged People