പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാലവര്‍ഷം പതുക്കെ ശക്തി പ്രാപിച്ച് തുടങ്ങുകയാണ്. മഴക്കാലമെന്നാല്‍ റോഡിലെ അപകടകാലം കൂടിയാണ്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ഉപയോഗം വളരെ ശ്രദ്ധയോടെ വേണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മറ്റ് ഏത് വാഹനങ്ങളെക്കാള്‍ ഒരുപടി കൂടുതല്‍ കരുതലോടെ വേണം ഇരുചക്ര വാഹനങ്ങളുമായി നിരത്തുകളില്‍ ഇറങ്ങാന്‍ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഓര്‍മപ്പെടുത്തുന്നത്. ശ്രദ്ധിക്കുന്നതിനായി ഏതാനും മുന്നറിയിപ്പും വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.
പലപ്പോഴും പോലീസ് ചെക്കിങ്ങില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് പലരും ഹെല്‍മറ്റ് വയ്ക്കുന്നത്. മഴയായതിനാല്‍ ചെക്കിങ്ങ് കാണില്ലെന്ന് കരുതി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യരുതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഓര്‍മപ്പെടുത്തുന്നത്. ക്ലിയര്‍ ഗ്ലാസുള്ള ഹെല്‍മറ്റ് വേണം മഴയുള്ള സമയങ്ങളില്‍ ഉപയോഗിക്കാനെന്നാണ് വകുപ്പ് നിര്‍ദേശിക്കുന്നത്. പിന്നില്‍ ഉള്ളവരുടെ കൈവശം ഹെല്‍മറ്റ് ഏല്‍പ്പിച്ച് വാഹനം ഓടിക്കുന്നതും ടാങ്കിന് മുകളില്‍ വയ്ക്കുന്നതുമെല്ലാം അപകടം വിളിച്ച് വരുത്തുന്നവയാണ്.
സ്ട്രാപ്പ് ഇല്ലാത്ത ഹെല്‍മറ്റ്, കാണാന്‍ ലുക്കിന് വേണ്ടി വയ്ക്കുന്ന ഹെല്‍മറ്റുകള്‍, ഇരുണ്ട ഗ്ലാസോട് കൂടിയ ഹെല്‍മറ്റുകള്‍ എന്നിവ മഴക്കാലത്ത് ഉപയോഗിക്കുന്നത് കര്‍ശനമായും ഒഴിവാക്കുക. മഴക്കാലത്ത് കണ്ണിന് മുകളില്‍ കൈപിടിച്ച് വാഹനമോടിക്കല്‍, പിന്നില്‍ നിന്ന് കുട പിടിച്ച് മഴ നനയാതെയുള്ള ബൈക്ക് യാത്ര, ഒരു കൈയില്‍ കുടയും മറുകൈയില്‍ ഹാന്‍ഡിലുമായുള്ള ബൈക്ക് യാത്ര തുടങ്ങിയ അഭ്യാസങ്ങള്‍ ഏത് കാലത്തും ഒഴിവാക്കപ്പെടേണ്ടവ തന്നെയാണ്. മഴക്കാലത്തും ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
മൊബൈല്‍ ഫോണുകള്‍ നനയാതെ സുരക്ഷിത സ്ഥലങ്ങളില്‍ വെച്ചശേഷം ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേട്ട് ബൈക്ക് ഓടിച്ചുപോകുന്ന ആളുകളെ കാണാറുണ്ട്. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ബ്ലുടൂത്ത് ഉപകരണങ്ങളുടെ ഉപയോഗവും കുറയ്ക്കുന്നതാണ് ഉചിതം. മഴയ്ക്ക് മുമ്പ് ലക്ഷ്യത്തിലെത്താനുള്ള പരക്കം പാച്ചിലും സാധാരണയാണ്. ഈ സാഹചര്യത്തില്‍ സിഗ്നലുകളും വേഗനിയന്ത്രണങ്ങളുമെല്ലാം മറക്കാറുണ്ട്. ഇക്കാര്യത്തിലും വലിയ ശ്രദ്ധ ആവശ്യമാണ്.
ലെയ്ന്‍ ട്രാഫിക്കിലെ ഡ്രൈവിങ്ങും പ്രധാന്യമുള്ള ഒന്നാണ്. ശ്രദ്ധയില്ലാതെയുള്ള ലെയ്ന്‍ മാറലുകളും അത്യന്തം അപകടമാണ്. ബ്ലോക്കുകളില്‍ സര്‍ക്കസ് അഭ്യാസികളെപ്പോടെ ലെയ്ന്‍ വെട്ടിച്ച് മുന്നേറുന്ന ടൂ വീലുറുകള്‍ നിത്യകാഴ്ചയാണ്. മറ്റ് വാഹനങ്ങള്‍ ഇവരുടെ അപ്രതീക്ഷിത നുഴഞ്ഞുകയറ്റം പലപ്പോഴും ശ്രദ്ധിക്കണമെന്നില്ല. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്. ലെയ്ന്‍ ട്രാഫിക്കുകളില്‍ കൃത്യമായി ഇന്റിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കണം.
ചെക്കിങ്ങ് കുറവാണെന്ന ധാരണയില്‍ മദ്യപിച്ചുള്ള ഡ്രൈവിങ്ങുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് എല്ലാ കാലത്തും അപകടമാണെങ്കിലും മഴക്കാലത്ത് കൂടുതല്‍ വില്ലനാകും. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ ഇതില്‍ വീഴാനുള്ള സാധ്യതയാണ് ഫലം. ഹാന്‍ഡിലില്‍ മുറകെ പിടിച്ചുവേണം വാഹനമോടിക്കാന്‍. ഗട്ടറും ഹംപും ഒഴിവാക്കി വെട്ടിച്ച് പോകുന്നതിനെക്കാള്‍ വേഗത കുറച്ച് പോകുന്നതാണ് ശീലമാക്കേണ്ടത്. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുന്നതും ഈ കാലയളവില്‍ ഒഴിവാക്കാം.
വാഹനങ്ങളും സജ്ജമാക്കുക...
1, ടയര്‍- തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്കിങ്ങ് കാര്യക്ഷമമാകണമെങ്കില്‍ ടയറുകള്‍ മികച്ചതാവണം. തേഞ്ഞ ടയറുമായുള്ള ഓട്ടം അപകടകാരണമാകും.
2, ബ്രേക്ക്-ബ്രേക്ക് ലൈനറുകളുടെ മികവ് ഉറപ്പാക്കുക. മഴക്കാലത്ത് മുന്നിലേയും പിന്നിലേയും ബ്രേക്ക് ഒരുമിച്ച് ഉപയോഗിക്കുക. ഇതുവഴി സ്‌കിഡിങ്ങ് ഒഴിവാക്കാം.
3, ഹെഡ്‌ലൈറ്റ്- കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഉപയോഗിക്കരുത്. ഏതിരെ വരുന്ന ഡ്രൈവര്‍ റോഡ് കൃത്യമായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകൂ.
4-ഇന്റിക്കേറ്ററുകള്‍- ഇന്റിക്കേറ്ററുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുക. ബസറുകള്‍ നല്‍കുന്നത് ഉപയോഗ ശേഷം ഇന്റിക്കേറ്റര്‍ ഓഫ് ചെയ്യാന്‍ ഓര്‍മപ്പെടുത്തുന്നു.
Content Highlights: Safe driving during monsoon season, two wheeler ride during monsoon season
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..