കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനില്‍ രണ്ടു പുതിയ മോഡലുകള്‍ അരങ്ങേറ്റം കുറിച്ചു. പ്രതീക്ഷിച്ചതുപോലെ 750 സിസി എന്‍ജിന്‍ അല്ല, 650 സിസി എന്‍ജിനിലാണ് ഇനി റോയല്‍ എന്‍ഫീല്‍ഡിന്റെ കളി. നടന്നുകൊണ്ടിരിക്കുന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ആദ്യമായി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ ഇന്റര്‍സെപ്റ്റര്‍ INT 650, കോണ്‍ണ്ടിനെന്റല്‍ GT 650 എന്നീ രണ്ടു മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ആയിരിക്കും ഇവയുടെ പ്രധാന എതിരാളി. 

നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിമറിച്ചാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. അറുപതുകളിലെ തനിമ ഓര്‍മ്മപ്പെടുത്തുന്നതാണ് രൂപം. ക്ലാസിക് സ്റ്റെലുള്ള സ്ട്രീറ്റ് ബൈക്കാണിത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മാണം. 2122 എംഎം ആണ് നീളം. 1165 എംഎം ഉയരവും 789 എംഎം വീതിയും 174 എംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്‌ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും. 

Royal Enfield

നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി കോണ്ടിനെന്റല്‍. ഓപ്ഷണലായി സിംഗില്‍ സീറ്റാക്കിയും മാറ്റാം. നീളം ഇന്റര്‍സെപ്റ്ററിന് സമാനം. ഉയരവും വീതിയും അല്‍പം കുറവാണ്. 198 കിലോഗ്രാമാണ് ആകെ ഭാരം. രണ്ടിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ കവര്‍ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്ക് സസ്‌പെന്‍ഷനുമുണ്ട്. 

പുതിയ 648 സിസി എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. യൂറോപ്പില്‍ അടുത്ത വര്‍ഷത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ 650 സിസി റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തും. അതിന് ശേഷമായിരിക്കും സ്വന്തം തട്ടകമായ ഇന്ത്യയിലേക്കുള്ള പ്രവേശനം. വില സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ പുറത്തുവിടുകയുള്ളു. 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം വരെ വില പ്രതീക്ഷിക്കാം.

Royal Enfield