റോയല്‍ എന്‍ഫീല്‍ഡ് എന്ന മേല്‍വിലാസത്തില്‍ ആദ്യ ബൈക്ക് നിരത്തുകളില്‍ എത്തിയിട്ട് 120 വര്‍ഷം പിന്നിടുകയാണ്. 120 വര്‍ഷത്തെ പാരമ്പര്യം ആഘോഷമാക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഏറ്റവും മികച്ച മോഡലുകളായ ട്വിന്‍ പതിപ്പിന്റെ ആനിവേഴ്‌സറി എഡിഷന്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. EICMA 2021-ആണ് ഇന്റര്‍സെപ്റ്റര്‍ INT650, കോണ്ടിനെന്റല്‍ ജി.ടി.650 എന്നീ മോഡലുകളുടെ പ്രത്യേക പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. 

1901 നവംബറില്‍ ലണ്ടനില്‍ നടന്ന സ്റ്റാന്‍ലി സൈക്കിള്‍ ഷോയിലാണ് ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിക്കുന്നത്. 120 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി എത്തുന്ന ആനിവേഴ്‌സറി എഡിഷന്‍ പതിപ്പിന്റെ 480 യൂണിറ്റ് മാത്രമാണ് നിര്‍മിക്കുന്നത്. ഇവ ഇന്ത്യ, യൂറോപ്പ്, അമേരിക്ക, സൗത്ത്-ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് വിവരം. റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഡിസൈന്‍ ശൈലിയായിരിക്കും ഈ മോഡലുകളില്‍ നല്‍കുക. 

Twin 650
കോണ്ടിനെന്റല്‍ ജി.ടി. ആനിവേഴ്‌സറി എഡിഷന്‍ | Photo: Royal Enfield

റോയല്‍ എന്‍ഫീല്‍ഡിന്റെ ലണ്ടനിലേയും ഇന്ത്യയിലേയും ജീവനക്കാര്‍ ചേര്‍ന്നായിരിക്കും ഈ ബൈക്കുകള്‍ നിര്‍മിക്കുക. പൂര്‍ണായും കൈകൊണ്ട് നിര്‍മിച്ചായിരിക്കും ഇവ ഒരുങ്ങുക. ബ്ലാക്ക് ക്രോം കളര്‍ സ്‌കീമിലുള്ള ടാങ്ക്, വശങ്ങളില്‍ നല്‍കിയിട്ടുള്ള 120 ബാഡ്ജിങ്ങ്, മറ്റ് ഭാഗങ്ങളില്‍ പൂശിയിട്ടുള്ള ബ്ലാക്ക് നിറം എന്നിങ്ങനെയായിരിക്കും ഈ വാഹനം ഒരുങ്ങുക. പൂര്‍ണമായും പ്രകൃതി സൗഹാര്‍ദമായി ഈ വാഹനം നിര്‍മിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. 

വാഹനത്തിനായുള്ള ബുക്കിങ്ങ് നവംബര്‍ 24 മുതല്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ എണ്ണം മാത്രമെത്തുന്നതിനാല്‍ തന്നെ വാഹനം ഓണ്‍ലൈന്‍ സെയിലിനെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡിസംബര്‍ ആറാം തിയതിയാണ് റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റില്‍ വില്‍പ്പന നടക്കുന്നത്. രണ്ട് മോഡലുകളുടെയും 60 യൂണിറ്റുകള്‍ വീതം മൊത്തം ആനിവേഴ്‌സറി എഡിഷന്റെ 120 യൂണിറ്റാണ് ഇന്ത്യക്കായി അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Twin 650
ഇന്റര്‍സെപ്റ്റര്‍ ആനിവേഴ്‌സറി എഡിഷന്‍ | Photo: Royal Enfield

റോയല്‍ എന്‍ഫീല്‍ഡിന്റെ പാരലല്‍ ട്വിന്‍ എന്‍ജിനുമായി 2019-ലാണ് ട്വിന്‍ മോഡലുകള്‍ എന്ന വിശേഷണവുമായി ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജി.ടി. എന്നീ മോഡലുകള്‍ ഇന്ത്യയില്‍ എത്തിയത്. 648 സിസി എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. ഇത് പരമാവധി 7100 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി പവറും 4000 ആര്‍.പി.എമ്മില്‍ 52 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Royal Enfield Twin Model 120 Anniversary Edition Unveiled, sale begins in December 6