റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലുകളായ ബുള്ളറ്റ് 350, ബുള്ളറ്റ് 500 റേഞ്ചിലേക്ക് പുതിയ അതിഥികളെത്തുന്നു. ട്രെയല്‍സ് 350, ട്രെയല്‍സ് 500 എന്നീ രണ്ട് സ്‌ക്രാംബ്‌ളര്‍ മോഡലുകളാണ് ഉടന്‍ വരുന്നത്‌. അന്‍പതുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ താരമായിരുന്ന പഴയ ട്രെയല്‍സ് ബൈക്കില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് പുതിയ ട്രെയല്‍സ്‌.

ബുള്ളറ്റ് 350, 500 എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ഇവരണ്ടും ഈ വര്‍ഷം മാര്‍ച്ചോടെ പുറത്തിറങ്ങും. നേരത്തെ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയല്‍സിന്റെ പൂര്‍ണമായ രൂപഘടന വ്യക്തമാക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. റഗുലര്‍ ബുള്ളറ്റ് 350, 500 മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, വലിയ ടയര്‍, സ്‌പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് പുതിയ 350, 500 ട്രെയല്‍സിലെ പ്രത്യേകതകള്‍.

സ്പോര്‍ട്സ് ടെപ്പാണ് ഹാന്‍ഡില്‍ ബാര്‍. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനം. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റവുമുണ്ടാകില്ല. 350 ട്രെയല്‍സില്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും ട്രെയല്‍സ് 500-ല്‍ 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമാണുള്ളത്. കസ്റ്റമൈസ്‌ ഓപ്ഷ്‌നിലും മറ്റും നേരത്തെ വിദേശ വിപണികളില്‍ ട്രെയല്‍സ് മോഡല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയിട്ടുമുണ്ട്‌. 

Trials
Courtesy; Gaadiwaadi

Content Highlghts; Royal Enfield Trials 350 & Trials 500 Images Leaked Ahead of Launch