റോയൽ എൻഫീൽഡ് ഹിമാലയൻ | Photo: Royal Enfield
ഇന്ത്യയിലെ മിഡ്-സൈസ് മോട്ടോര്‍സൈക്കിളുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മേധാവിത്വം തകര്‍ക്കാന്‍ നാളിതുവരെയും മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടില്ല. 350 സി.സി. ബൈക്കുകളില്‍ വ്യത്യമായ മേല്‍ക്കൈയുള്ള റോയല്‍ എന്‍ഫീല്‍ഡിന് ഇപ്പോള്‍ 411 സി.സി, 650 സി.സി ശ്രേണികളിലും വാഹനങ്ങളുണ്ട്. ഈ മൂന്ന് എന്ജിന് ശ്രേണികള്‍ക്ക് പുറമെ, പുതിയ ഒരു വിഭാഗം കൂടി കെട്ടിപ്പെടുക്കാനുള്ള നീക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
റോയല്‍ എന്‍ഫീല്‍ഡ് നിക്ഷേപകരുടെ കൂടിക്കാഴ്ചയില്‍ വെച്ച നിര്‍ദേശം അനുസരിച്ച് 450 സി.സി. കരുത്തുള്ള എന്‍ജിനില്‍ ബൈക്കുകള്‍ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. ഇത് ശരിവെക്കുന്ന എതാനും തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് ഒന്നും രണ്ടുമല്ല 450 സി.സി. എന്‍ജിനുമായി അഞ്ച് മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാണത്തിനായി പരിഗണിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭ്യമല്ല.
റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ബൈക്ക് മോഡലായ ഹിമായന്റെ 450 പതിപ്പിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നത് ഈ തിരുമാനവുമായി ചേര്‍ത്ത് വായിക്കാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ 450 സി.സി. എന്‍ജിനില്‍ ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ ഹിമാലയന്‍ ആയിരിക്കും. 2023-ന്റെ പകുതിയോടെ 450 ബൈക്കുകള്‍ നിരത്തുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് നടത്തുകയെന്നാണ് വിലയിരുത്തലുകള്‍.
ഹിമാലയന്‍ പുറമെ, സ്ക്രാംബ്ലര്‍ മോഡലായ സ്ക്രാം 411-ന്റെയും 450 സി.സി. എന്ജിന് പതിപ്പ് പ്രതീക്ഷിക്കാം. നിലവിലെ മോഡലുകളുടെ ഡിസൈന്‍ ശൈലിയായിരിക്കും ഭൂരിഭാഗവും പിന്തുടരുകയെങ്കിലും ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബീക്ക്, സൈഡ് പാനലുകള്‍, എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവയില്‍ പുതുമ പ്രതീക്ഷിക്കാം. എര്‍ഗണോമിക്സ്, ഫുട്ട് സ്റ്റെപ്പുകളുടെ പൊസിഷന്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ നിലവിലെ മോഡലുകളുമായി പങ്കിട്ടായിരിക്കും 450 സി.സി. പതിപ്പ് എത്തുകയെന്നാണ് വിലയിരുത്തലുകള്‍.
40 ബി.എച്ച്.പി. വരെ പവറും 45 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ 450 സി.സി. എന്‍ജിനിലുണ്ട്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് തന്നെയായിരിക്കും ട്രാന്സ്മിഷന് ഒരുക്കുന്നത്. ഏറ്റവും മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിനായി മുന്നില്‍ യു.എസ്.ഡി. ഫോര്‍ക്കും പിന്നില്‍ മോണോഷോപ്പുമായിരിക്കും സസ്പെന്ഷന് ഒരുക്കുക. എ.ബി.എസ്. സംവിധാനത്തിനൊപ്പം മുന്നിലും പിന്നിലും നല്കുന്ന ഡിസ്ക് ബ്രേക്ക് ഇതിലെ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കും.
Source: Bike Dekho
Content Highlights: Royal Enfield to launch five 450 CC engine bikes in india, 450 CC Engine, Royal Enfield Bikes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..