ക്ലാസിക് രൂപമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ മുഖമുദ്ര. അഡ്വേഞ്ചര്‍ ശ്രേണിയിലും ക്രൂസറിലും പരീക്ഷണങ്ങള്‍ നടത്തുമ്പോഴും ക്ലാസിക് രൂപം കൈവിടാന്‍ റോയല്‍ എന്‍ഫീല്‍ഡ് തയ്യാറായിട്ടില്ല. ആഗോള തലത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ പുതിയ ഒരു മോഡലിനെ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി. വരാനിരിക്കുന്ന പുതിയ മോഡലിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടു. നവംബര്‍ ആറിന് മിലാനില്‍ നടക്കുന്ന 2018 ഇന്റര്‍നാഷ്ണല്‍ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ആക്‌സസറീസ് പ്രദര്‍ശനത്തിലാണ് ഈ മോഡല്‍ കമ്പനി മറനീക്കി പുറത്തിറക്കുക. 

Royal Enfield

കറുപ്പ് തുണിയില്‍ പൊതിഞ്ഞ ഒരു ചിത്രം പുറത്തുവിട്ടതല്ലാതെ പുതിയ മോഡലിനെ കുറിച്ച്‌ യാതൊരു വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടീസര്‍ പ്രകാരം ഇതൊരു ബോബര്‍ സ്‌റ്റൈല്‍ ബൈക്കാണെന്നാണ് സൂചന. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, വലിയ അലോയി വീല്‍ എന്നിവ ടീസറില്‍ പ്രകടമാകും. ക്ലാസിക് 350, 500 എന്നിവയ്ക്ക് സമാനമായി സിംഗിള്‍ സീറ്ററാക്കിയും ഇതിനെ മാറ്റാം.

അടുത്തിടെ ഇന്ത്യയിലെത്താനിരിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് മോഡലുകള്‍ കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലായിരുന്നു കമ്പനി അവതരിപ്പിച്ചത്. ഏറ്റവും കരുത്തുറ്റ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണിവ. ഇതിലെ 648 സിസി ട്വിന്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെ പുതിയ ബോബര്‍ സ്‌റ്റൈല്‍ മോഡലിലും കമ്പനി ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്.

Content Highlights; Royal Enfield teases new Bobber ahead of 2018 EICMA