റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 | Photo: Royal Enfield
ഇറ്റലിയില്‍ നടന്ന ഇ.ഐ.സി.എം.എ 2022 മോട്ടോര്‍ സൈക്കിള്‍ ഷോയിലും ഗോവയിലെ റൈഡര്‍ മാനിയയിലും പ്രദര്ശത്തിനെത്തിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാമത്തെ 650 സി.സി. ബൈക്കായ സൂപ്പര്‍ മീറ്റിയോര്‍ വിപണിയില്‍ എത്താന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 650 സി.സി. എന്‍ജിനില്‍ ക്രൂയിസര്‍ ബൈക്കായി എത്തുന്ന സൂപ്പര്‍ മീറ്റിയോര്‍ ജനുവരി 10-ാം തിയതി ചൊവ്വാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്.
ഈ വാഹനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഇതിനോടകം റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍. ഇതായിരിക്കും നാളെ പ്രധാന പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. സ്റ്റാന്റേഡ്, ടൂറര്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സൂപ്പര്‍ മീറ്റിയോര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ തന്നെ ആദ്യമായുള്ള ഫീച്ചറുകളായിരിക്കും ഇതിലെ ഹൈലൈറ്റ്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന കൊണ്ടിനെന്റല് ജി.ടി, ഇന്റര്‍സെപ്റ്റര്‍ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 648 സി.സി. എന്‍ജിനാണ് സൂപ്പര്‍ മീറ്റിയോറിലുമുള്ളത്. ഇത് 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും ഇരട്ട ചാനല്‍ എ.ബി.എസുമാണ് ഈ ബൈക്കില്‍ സുരക്ഷ കാര്യക്ഷമാക്കുന്നത്.

ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലാണ് സൂപ്പര്‍ മീറ്റിയോര്‍ 650. റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്സ്ഹോസ്റ്റ്, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, നാവിഗേഷന്‍ സിസ്റ്റത്തിന്റെ അകമ്പടിയോടെ പുതുക്കി ഡിസൈന്‍ ചെയ്തിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമകളാണ്. ഇതില്‍ യു.എസ്.ഡി. ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ് എന്നിവ റോയല്‍ എന്‍ഫീല്‍ഡില്‍ പോലും പുതുമയാണ്.
ടിയര്‍ ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഫ്യുവല്‍ ടാങ്ക് മീറ്റിയോര്‍ 350-യില്‍ നിന്ന് കടംകൊണ്ടതാണ്. താഴ്ന്നിരിക്കുന്ന സീറ്റുകളും ഉയരത്തില്‍ നല്‍കിയിട്ടുള്ള ഹാന്‍ഡില്‍ ബാറും ഫോര്‍വേഡ് ഫുട്ട് സ്റ്റെപ്പും ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള റൈഡിങ്ങാണ് ഒരുക്കുന്നത്. ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റി നല്‍കുന്നതിനായി കുറഞ്ഞ സെന്റര്‍ ഗ്രാവിറ്റിയിലുള്ള പുതിയ ഷാസിയാണ് സൂപ്പര്‍ മീറ്റിയോര്‍ 650 നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
Content Highlights: Royal enfield super meteor 650 launch tomorrow, Cruiser bike, Super meteor 650
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..