2019 റോയല്‍ എന്‍ഫീല്‍ഡിന് നല്ല വര്‍ഷമായിരിക്കുമെന്ന് സൂചന നല്‍കി ആദ്യ മാസത്തെ വില്‍പ്പന. ഇരുചക്ര വാഹനങ്ങളിലെ അതികായരായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനുവരി മാസത്തെ വില്‍പ്പന 70,000 കടന്നു. 

ഇന്ത്യന്‍ വിപണിയില്‍ എത്തിയതും വിദേശത്തേക്ക് കയറ്റി അയയ്ച്ചതും ഉള്‍പ്പെടെ 72,701 യൂണിറ്റാണ് ജനുവരിയില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍, 2018 ജനുവരിയിലെ വില്‍പ്പനയെ അപേക്ഷിച്ച് ഏഴ് ശതമാനം ഇടിവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. 

കയറ്റുമതിയില്‍ ബുള്ളറ്റ് കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1673 ബുള്ളറ്റ് കയറ്റി അയച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 1829 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018 ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ 76,205 യൂണിറ്റ് വിറ്റിരുന്നു.

അതേസമയം, 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ റോയല്‍ എല്‍ഫീല്‍ഡിന്റെ മൊത്ത വില്‍പ്പന അഞ്ച് ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2017-18-ലെ ഈ കാലയളവില്‍ 6,71,328 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ 2018-19-ല്‍ ഇത് 7,02,637 ആയിരുന്നു. 

ആഗോള വിപണിയിലെ വില്‍പ്പന കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിനായി അടുത്തിടെ പുറത്തിറക്കിയ 650 സിസി ബൈക്കുകള്‍ വിദേശത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍.

Content Highlights: Royal Enfield Sells Over 70,000 Bikes In January 2019