ണ്ടര്‍ബേഡ് എന്ന ക്രൂയിസര്‍ ബൈക്കിന് പകരക്കാരനായി ഇന്ത്യയില്‍ എത്തിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് മീറ്റിയോര്‍ 350. കിടിലന്‍ ലുക്കിനൊപ്പം മികച്ച ഫീച്ചറുകളുമായെത്തിയ പുതിയ ക്രൂയിസര്‍ ബൈക്കിനെ ഇന്ത്യയിലെയും വിദേശത്തേയും ബൈക്ക് പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. പല വിദേശ രാജ്യങ്ങളിലും സാന്നിധ്യമാകുന്ന ഈ ബൈക്ക് ഇന്ത്യയിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുകയാണ്.

2020 നവംബറിലാണ് ഈ ബൈക്ക് വിപണിയില്‍ എത്തുന്നത്. അവതരിപ്പിച്ച് 25 ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ നേട്ടത്തെ കവച്ചുവയ്ക്കുന്ന വില്‍പ്പനയാണ് മാര്‍ച്ച് മാസത്തില്‍ ലഭിച്ചിട്ടുള്ളത്. 2021 മാര്‍ച്ച് മാസത്തില്‍ മാത്രം മീറ്റിയോറിന്റെ 10,596 യൂണിറ്റാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിട്ടുള്ളത്. 

എന്നാല്‍, ഇപ്പോഴും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ നേട്ടത്തെ കടത്തിവെട്ടാന്‍ മീറ്റിയോറിന് കഴിഞ്ഞിട്ടില്ല. കമ്പനിയുടെ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമാണ് ക്ലാസിക് 350. മാര്‍ച്ച് മാസത്തില്‍ മാത്രം ക്ലാസിക്കിന്റെ 31,694 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, മറ്റ് മോഡലുകളെ പിന്തള്ളി രണ്ടാം സ്ഥാനം മീറ്റിയോര്‍ 350 സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. 

ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോര്‍ 350 എത്തിയിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ. ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നല്‍കുന്നതിനായി പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ഈ ബൈക്കില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Royal Enfield Sells More Than 10000 Unit Meteor In March