റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ നിരത്തിലെത്തിയ മോഡലാണ് മീറ്റിയോര്‍ 350. ലുക്കിലും യാത്രാസുഖത്തിലും പെര്‍ഫോമെന്‍സിലും യുവാക്കളെ ഏറെ ആകര്‍ഷിച്ച ഈ വാഹനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ഇതിന്റെ പ്രധാന തെളിവാണ് അവതരിപ്പിച്ച് 25 ദിവസത്തിനുള്ളില്‍ 7000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയത്. 

ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോര്‍ 350 എത്തിയിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നല്‍കുന്നതിനായി പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ഈ ബൈക്കില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

തണ്ടര്‍ബേഡിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ഉറപ്പുനല്‍കുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ട്യൂബ്ലെസ് ടയറുകളാണ് നല്‍കിയിട്ടുള്ളത്. 

ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്‌റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.

Content Highlights: Royal Enfield Sells 7000 Unit Meteor 350 in 25 Days