കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ എന്നീ ബൈക്കുകള്‍ക്ക് പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന കരുത്തനായ സ്‌പോര്‍ട്ടി ബൈക്ക് സ്‌ക്രാംബ്ലര്‍ 500 അടുത്ത മാര്‍ച്ചില്‍ നിരത്തിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് നിര്‍മാതാക്കള്‍.

എന്‍ഫീല്‍ഡിന്റെ പതിവ് ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ 500-ന്റെ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്‌പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വീതി കുറഞ്ഞ പിന്‍ഭാഗവും സാധാരണ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഉയരത്തില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സ്പോര്‍ട്സ് മോഡല്‍ ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് ഒറ്റനോട്ടത്തിലെ പുതുമ.

ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലുള്ള ടയറുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ്. ഈ പറഞ്ഞവയാണ് ക്ലാസിക് 500 സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത്. 

499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിലും പ്രവര്‍ത്തിക്കുന്നത്. ഇത് 27.6 എച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കുമേകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും ക്ലാസിക് 500 സ്‌ക്രാംബ്ലറിന് സുരക്ഷ ഒരുക്കുന്നത്.

Content Highlights: Royal Enfield Scrambler 500 Might Launch In March 2019