ഇന്ത്യയിലെ പുതുതലമുറ ബുള്ളറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദിവമാണ് നവംബര്‍ ആറ്. റോയല്‍ എന്‍ഫീല്‍ഡ് മുമ്പ് അറിയിച്ച പോലെ തണ്ടര്‍ബേഡിന്റെ പകരക്കാരനായി മീറ്റിയോര്‍ 350 ആറാം തീയതിയാണ് അവതരിപ്പിക്കുന്നത്. ആരാധകരില്‍ ആകാംഷ ഉയര്‍ത്തുന്നതിനായി മീറ്റിയോറിന്റെ പുതിയ ടീസര്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടു.
മീറ്റിയോറിന്റെ ഡിസൈന്‍, എക്‌സ്‌ഹോസ്റ്റ്, ശബ്ദം എന്നിവയുടെ സൂചന നല്‍കുന്ന ടീസറാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസര്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് മുമ്പ് നല്‍കിയ സൂചന അനുസരിച്ച് തണ്ടര്‍ബേഡിന്റെ പകരക്കാരന്‍ ആ വാഹനത്തെക്കാള്‍ സ്റ്റൈലിഷാണ്.
ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോര്‍ നിരത്തുകളിലെത്തുക. ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്‌റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.
സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്. ഓഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഡ്രൈവ് മോഡ്, ഗിയര്‍, എബിഎസ് മാല്‍ഫങ്ഷന്‍ ഇന്റിക്കേറ്റര്‍, ലോ ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ മീറ്ററിലെ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.
റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് മീറ്റിയോര്‍ ഒരുങ്ങുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ഈ വാഹനത്തിന് സുരക്ഷയേകും.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350-യിലും. ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഒരുക്കുന്നുണ്ട്. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Royal Enfield Release Meteor 350 Teaser Ahead Of Launch