റോയൽ എൻഫീൽഡ് ക്ലാസിക് 350 | Photo: Royal Enfield India
ഇന്ത്യയിലെ മുന്‍നിര മിഡ് സൈസ് ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ സര്‍വീസിനായി തിരിച്ചുവിളിക്കുന്നു. വാഹനത്തിലെ ഇഗ്നീഷന്‍ കോയിലില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി സര്‍വീസ് ഒരുക്കുന്നത്. ഏകദേശം 2.37 ലക്ഷം ബൈക്കുകളില്‍ ഈ തകരാര്‍ സംഭവിച്ചിരിക്കാമെന്നാണ് സൂചന.
ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ വിറ്റഴിച്ച റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നീ ബൈക്കുകളില്‍ തകരാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തായ്‌ലാന്റ്, മലേഷ്യ, ഇന്തൊനേഷ്യ, ഫിലിപ്പ്യന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ കമ്പനി സ്ഥിരമായി നടത്തുന്ന പരിശോധനയിലാണ് ഇഗ്നീഷന്‍ കോയിലിലെ തകരാര്‍ കണ്ടെത്തിയത്. ഈ പ്രശ്‌നം എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതിനുപുറമെ, ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ടും സംഭവിച്ചേക്കാം. അതിനാലാണ് സര്‍വീസ് ഒരുക്കിയിട്ടുള്ളത്.
2020 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ മാസം വരെ നിര്‍മിച്ചിട്ടുള്ള വാഹനമാണ് സര്‍വീസിന് എത്തിക്കേണ്ടത്. വാഹനം പരിശോധിച്ച ശേഷം തകരാര്‍ കണ്ടെത്തിയാല്‍ ഇഗ്നീഷന്‍ കോയില്‍ മാറ്റി നല്‍കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുള്ളത്. തിരിച്ച് വിളിച്ചിട്ടുള്ളതില്‍ പത്ത് ശതമാനം വാഹനങ്ങളില്‍ മാത്രമായിരിക്കും തകരാറിന് സാധ്യതയെന്നും കമ്പനി അറിയിച്ചു.
Content Highlights: Royal Enfield Recalled Three Model Due To Faulty Ignition Coil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..