റോയൽ എൻഫീൽഡ് ഹിമാലയൻ | Photo: Royal Enfield
ഇന്ത്യയിലെ മിഡ്-സൈസ് അഡ്വഞ്ചര്‍ ബൈക്കുകളിലെ കിരീടം വയ്ക്കാത്ത രാജാവാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിച്ചിട്ടുള്ള ഹിമാലയന്‍. 411 സി.സി. എന്‍ജിന്റെ കരുത്തില്‍ കുന്നും മലയും അനായാസം കീഴടക്കി സാഹസിക റൈഡര്‍മാരുടെ ഇഷ്ടതോഴനായി ഈ ബൈക്കിന്റെ കൂടുതല്‍ കരുത്തുള്ള മോഡല്‍ നിര്‍മാതാക്കള്‍ വികസിപ്പിക്കുന്നതായി സൂചന.
പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 650 സി.സി. ട്വിന്‍ സിലിണ്ടര്‍ എന്‍ജിനുമായാണ് ഹിമാലയന്റെ പുതിയ പതിപ്പ് ഒരുങ്ങുന്നതെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡിന്റെ യു,കെയിലെ ടെക്നിക്കല്‍ സെന്ററില്‍ ഈ ബൈക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നാണ് വിവരം. ഏറെ വൈകാതെ തന്നെ ഇത് പരീക്ഷണത്തിന് ഇറങ്ങുമെന്നും സൂചനയുണ്ട്.
650 സി.സി. എന്ജിന് ശ്രേണിയിലെ മൂന്നാമത്തെ മോഡലായായിരിക്കും ഈ ഹിമാലയന്‍ എത്തുക. ഇന്റര്‍സെപ്റ്റര്‍ ഐ.എന്‍.ടി. 650, കോണ്ടിനെന്റല് ജി.ടി 650 എന്നീ മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് മുമ്പ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള 650 സി.സി. ബൈക്കുകള്‍. 650 സി.സി. ഹിമാലയന്‍ എത്തുന്നതോടെ ഈ ശ്രേണിയില്‍ കരുത്തായിരിക്കും ഈ വാഹനമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മുഖം മിനുക്കിയെത്തിയത്. പുത്തന്‍ നിറങ്ങള്‍ക്കൊപ്പം നിരവധി ഫീച്ചറുകളുമായിരുന്നു ഈ വാഹനത്തിന്റെ പുതിയ മോഡലിന്റെ ഹൈലൈറ്റ്. മീറ്റിയോര്‍ 350-യില്‍ നല്‍കിയിട്ടുള്ള ട്രിപ്പര്‍ നാവിഗേഷന്‍ ഹിമാലയനിലും ഇടംനേടിയിരുന്നു. ഇതിനുപുറമെ, കണക്ടഡ് ഫീച്ചറുകളും ഇതിലുണ്ട്.
24.3 ബി.എച്ച്.പി.പവറും 32 എന്‍.എം. ടോര്‍ക്കുമേകുന്ന 411 സി.സി. ലോങ്ങ് സ്ട്രോക്ക് എന്‍ജിനാണ് നിലവില്‍ നിരത്തുകളിലുള്ള ഹിമാലയന്‍ കരുത്തേകുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഹിമാലയിലുള്ളത്. കാര്യക്ഷമമായ സുരക്ഷയും ഈ വാഹനം ഉറപ്പാക്കുന്നുണ്ട്.
Source: Visor Down
Content Highlights: Royal Enfield Planning To Give 650 CC Engine In Himalayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..