റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയിലെത്തിക്കുന്ന 500 സിസി ബൈക്കുകളുടെ ഉത്പാദനം നിര്‍ത്തുന്നതായി സൂചന. കരുത്ത് കൂടിയ ഈ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവ് നേരിടുന്ന പശ്ചാത്തലത്തിലാണ് 500 സിസി എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തില്ലെന്ന് സൂചനകള്‍ പുറത്തുവരുന്നത്. 

ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടേയും 500 സിസി പതിപ്പ് നിരത്തിലെത്തുന്നുണ്ട്. എന്നാല്‍, ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ബൈക്കുകളുടെ വിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലുകളാണ് ഈ തീരുമാനത്തിന് പിന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, 350 സിസി കരുത്തുള്ള എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. പുതിയ എന്‍ജിനിലുള്ള സ്റ്റാന്റേഡ്, ക്ലാസിക്, തണ്ടര്‍ബേഡ് വാഹനങ്ങള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 

500 സിസി എന്‍ജിന്‍ നിര്‍ത്തുന്ന കാര്യം പരിഗണിക്കുമ്പോഴും Q, K സീരീസുകളിലായി കരുത്തേറിയ വാഹനങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പരിഗണനയിലുണ്ട്. Q പ്ലാറ്റ്‌ഫോമില്‍ 900 സിസി ബൈക്കുകളും K പ്ലാറ്റ്‌ഫോമില്‍ 600 മുതല്‍ 700 സിസി ബൈക്കുകളുമാണ് ഒരുങ്ങുക.

സിംഗിള്‍ സിലിണ്ടറില്‍ എയര്‍ കൂള്‍ഡ് സംവിധാനത്തിലാണ് 500 സിസി എന്‍ജിന്‍ ഒരുങ്ങിയിരുന്നത്. ഇത് 27 ബിഎച്ച്പി പവറും 41 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 350 സിസി ബൈക്കുകളിലുള്ള അഞ്ച് സ്പീഡാണ് ഇതിലെയും ട്രാന്‍സ്മിഷന്‍.

Content Highlights: Royal Enfield Not Upgrade 500CC Engine To BS6 Standard