റോയൽ എൻഫീൽഡ് ക്ലാസിക് 350 | Photo: Royal Enfield
പേര് പോലെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ രാജകീയ പരിവേഷമുള്ള വാഹന നിര്‍മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. നിരത്തുകളില്‍ എത്തിച്ചിട്ടുള്ള എല്ലാ മോഡലുകളും ഹിറ്റാക്കിയിട്ടുള്ള ഈ നിര്‍മാതാക്കള്‍ ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിച്ച ക്ലാസിക് 350-യും ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. അവതരിപ്പിച്ച് ഒരു വര്‍ഷം തികയും മുമ്പ് ഒരു ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് പുത്തന്‍ ചരിത്രം തീര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഡിസൈനിലും എന്‍ജിനിലും ഉള്‍പ്പെടെ മാറ്റങ്ങളുമായി റോയന്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. വിപണിയില്‍ എത്തി ആറ് മാസത്തിനുള്ളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിക്ക് പുറമെ, തായ്ലന്ഡ്, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സൂചന.
റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളിലാണ് പുതിയ ക്ലാസിക് വിപണിയില്‍ അവതരിപ്പിച്ചത്. 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ക്ലാസിക് 350-യുടെ ഇന്ത്യയിലെ എക്സ്ഷോറും വില. ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്ക് പുറമെ, പുതുതലമുറ ഫീച്ചറുകളുമായാണ് ക്ലാസിക് എത്തിയിട്ടുള്ളത്. യു.എസ്.ബി. ചാര്‍ജിങ്ങ് ഓപ്ഷന്, ഗൂഗിളുമായി സഹകരിച്ച് റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ച ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയവ പുതുമയാണ്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിലാണ് ക്ലാസിക് 350-യും ഒരുങ്ങിയിട്ടുള്ളത്. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ മുന്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ പതിപ്പിന്റെ വാഹനത്തിന്റെ വിറയല്‍ കുറയ്ക്കുകയും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. മീറ്റിയോര്‍ 350-യുമായി എന്‍ജിനും ഗിയര്‍ബോക്സും പങ്കിട്ടാണ് പുതിയ ക്ലാസിക്ക് വിപണിയില്‍ എത്തിച്ചതെന്നും കമ്പനി അറിയിച്ചു.
കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും.
Content Highlights: Royal Enfield New Classic 350 Achieve One Lack Production Mile Stone In 6 Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..