റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങള്‍ക്കൊന്നും പരാജയത്തിന്റെ കയ്പ്പ് നുകരേണ്ടിവന്നിട്ടില്ല. പ്രായഭേദമെന്യെ ഇരുചക്ര വാഹനപ്രേമികള്‍ ഇവരുടെ വാഹനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, അടുത്തിടെയായി പരമ്പരാഗ ഡിസൈന്‍ ശൈലിയില്‍നിന്ന് മാറി യുവത്വം തുളുമ്പുന്ന ബൈക്കുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധചെലുത്തുന്നത്. 

ഇതിന്റെ തെളിവാണ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന പുതിയ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ എന്ന മോഡല്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍. ബിഎസ് 6 എന്‍ജിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ഇതിലെ ഹൈലൈറ്റ്.

ഓട്ടോമൊബൈല്‍ ഇന്‍ഫിനിറ്റിയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്. ഏകദേശം 1.69 ലക്ഷം രൂപയായിരിക്കും ഈ ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നും സൂചനയുണ്ട്.

റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലാമ്പും ഇതിനുള്ളില്‍ വൃത്താകൃതിയില്‍ തന്നെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, റൗണ്ട ഷേപ്പിലുള്ള ടെയ്ല്‍ലൈറ്റ്,  രണ്ടുതട്ടുകളായി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് മീറ്റിയോറിന്റെ ഏകദേശ രൂപം. ഓപ്ഷണല്‍ ആക്‌സസറിയായി വില്‍ഡ് ഷീല്‍ഡും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്.

സുഖയാത്ര ഒരുക്കുന്നതിനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കുമെന്നാണ് വിവരം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നുണ്ട്. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ എതിരാളികള്‍.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350 ഫയര്‍ബോളിലും നല്‍കുക. ബിഎസ്-6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഒരുക്കുന്നുണ്ട്. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാ്ന്‍സ്മിഷന്‍.

Article Source: NDTV Car and Bike

Content Highlights: Royal Enfield New Bike To Be Named Meteor 350 Fireball