Image Courtesy: RushLane
റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 350-യുടെ പകരക്കാരനായി നിരത്തുകളിലെത്താനൊരുങ്ങുന്ന മോഡലാണ് മീറ്റിയോര്‍ 350. പരീക്ഷണയോട്ടത്തിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ള ഈ വാഹനത്തിന്റെ സ്‌കെയില്‍ മോഡല്‍ ചിത്രവും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റെഷ്‌ലെയിനാണ് ഈ ചിത്രം പുറത്തുവിട്ടത്.
തണ്ടര്‍ബേഡിനെക്കാള്‍ സ്റ്റൈലിഷായാണ് പകരക്കാരനെന്നാണ് ആദ്യ ചിത്രങ്ങള്‍ തെളിയിക്കുന്നത്. ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്‌റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്‌റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, പുതുമയാര്‍ന്ന പിന്‍ഭാഗം എന്നിവയാണ് മീറ്റിയോറിന്റെ സവിശേഷതകള്‍.
ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും മീറ്റയോര്‍ 350 നിരത്തുകളിലെത്തുകയെന്നാണ് സൂചന. വി-ഷേപ്പ് അലോയി വീല്‍, വിന്‍ഡ് സ്‌ക്രീന്‍, ക്രോം ഇന്റിക്കേറ്റര്‍, പ്രീമിയം സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. മറ്റ് വേരിയന്റുകളിലും നിരവധി ഫീച്ചറുകള്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്. ഓഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഡ്രൈവ് മോഡ്, ഗിയര്‍, എബിഎസ് മാല്‍ഫങ്ഷന്‍ ഇന്റിക്കേറ്റര്‍, ലോ ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ മീറ്ററിലെ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.
റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് മീറ്റിയോര്‍ ഒരുങ്ങുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ഈ വാഹനത്തിന് സുരക്ഷയേകും. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ എതിരാളികള്‍.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350-യിലും. ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഒരുക്കുന്നുണ്ട്. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Royal Enfield Meteor 350 Scale Image Revealed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..