റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350 യൂറോപ്യന്‍ വിപണിയിലേക്കും. ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന് വേരിയന്റുകളും യൂറോപ്പിലെ നിരത്തുകളിലുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ ഏകദേശം 3749 പൗണ്ടും (3.64 ലക്ഷം രൂപ) ഇറ്റലിയില്‍ 4099 യൂറോയും (3.66 ലക്ഷം രൂപ) ആയിരിക്കും മീറ്റിയോറിന്റെ പ്രാരംഭ വില.
ബ്രിട്ടണിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ടെക് ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും ചേര്‍ന്നാണ് മീറ്റിയോര്‍ 350 ഒരുക്കിയിരിക്കുന്നത്. പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലും പുതിയ എന്‍ജിനിലുമാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കും യൂറോപ്പിനും പുറമെ, തായ്ലാന്‍ഡ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വിപണികളിലും ഈ വാഹനം എത്തിക്കുന്നുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്ന വിറയല്‍ കുറയ്ക്കുന്നതിനുള്ള സംവിധാനത്തിനൊപ്പം മെച്ചപ്പെട്ട പ്രകടനം നല്‍കുന്ന പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിന്റുകളിലാണ് മീറ്റിയോര്‍ 350 എത്തിയിട്ടുള്ളത്. ഫയര്‍ബോള്‍ യെല്ലോ, റെഡ് എന്നീ നിറങ്ങളിലും സ്റ്റെല്ലാര്‍ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും, സൂപ്പര്‍നോവ ബൗണ്‍-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് നിരത്തുകളിലെത്തുക.
മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് മീറ്റിയോറില്‍ സുഖയാത്ര ഒരുക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ടയറുകളാണ് നല്‍കിയിട്ടുള്ളത്.
ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്‌റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.
Content Highlights: Royal Enfield Meteor 350 Launched In Europe