ന്ത്യയിയും വിദേശത്തും താരമായി കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ശക്തമായ  സാന്നിധ്യമായി മാറിയ ഈ ക്രൂയിസര്‍ ബൈക്ക് അമേരിക്കയിലും കാനഡയിലുമെത്തുകയാണ്. നോര്‍ത്ത് അമേരിക്കയിലാണ് ഈ വാഹനം ആദ്യമെത്തിക്കുന്നത്. 4400 ഡോളര്‍ (ഏകദേശം 3.30 ലക്ഷം രൂപ) ആണ് അമേരിക്കയിലെ വില. കാനഡയിലെ വില വൈകാതെ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ എത്തിയിട്ടുള്ള മീറ്റിയോര്‍ തന്നെയായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കയിലും കാനഡയിലുമെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ഉത്പന്നമായാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 അവതരിപ്പിച്ചിട്ടുള്ളത്. ബ്രിട്ടണിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ടെക് ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും ചേര്‍ന്നാണ് മീറ്റിയോര്‍ 350-യുടെ ഡിസൈനിങ്ങളും മെക്കാനിക്കല്‍ ഫീച്ചറുകളും ഒരുക്കിയിരിക്കുന്നത്. 

പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് മീറ്റിയോര്‍ 350 ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പ്രധാന പോരായ്മയായിരുന്ന വിറയല്‍ കുറയ്ക്കാനുള്ള സംവിധാനത്തിനൊപ്പം മെച്ചപ്പെട്ട പ്രകടനം നല്‍കുന്ന പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറിലുള്ളത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ എല്ലാ വേരിയന്റിലുമുണ്ട്. മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സുഖയാത്ര ഒരുക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ടയറുകളാണ് നല്‍കിയിട്ടുള്ളത്.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മീറ്റിയോര്‍ 350 ഏറെ വൈകാതെ തന്നെ വിദേശ രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കുകയായിരുന്നു. തായ്‌ലാൻഡ്, ഫിലിപ്പീന്‍സ്, ഇൻഡൊനീഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം പുറത്തിറക്കിയിട്ടുള്ളത്. ഈ വേരിയന്റുകളെല്ലാം വിദേശത്തുമെത്തിക്കുന്നുണ്ടെന്നാണ് വിവരം.

Content Highlights: Royal Enfield Meteor 350 Launched In American Market