രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളുമായി അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ ബൈക്കായ പുതിയ തണ്ടര്‍ബേഡ് എക്‌സ് സീരീസ് എത്തിയത്. ഈ വാഹനത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി തണ്ടര്‍ബേഡ് 500X-ലും എബിഎസ് അവതരിപ്പിച്ചിരിക്കുകയാണ്.

2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500X എബിഎസിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. എബിഎസ് ഇല്ലാത്ത റഗുലര്‍ മോഡലിനെക്കാള്‍ 14,000 രൂപയോളമാണ് എബിഎസ് മോഡലിന്റെ വില. എബിഎസ് സുരക്ഷയിലുള്ള തണ്ടര്‍ബേഡ് 350 എക്‌സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് (ആന്റി ലേക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് തണ്ടര്‍ബേഡ് എക്‌സിലും എബിഎസ് സംവിധാനമെത്തിയത്.

Thundetbird

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ക്ലാസിക് സിഗ്‌നല്‍സ് 350, ഹിമാലയന്‍, ക്ലാസിക് 500 എന്നീ മോഡലുകളില്‍ നേരത്തെ ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കിയിരുന്നു. മറ്റു മോഡലുകളിലും ഈ വര്‍ഷം അവസാനത്തോടെ എബിഎസ് സുരക്ഷ ഒരുക്കുമെന്നാണ് സൂചന.

റഗുലര്‍ തണ്ടര്‍ബേര്‍ഡിനെ അല്‍പം പരിഷ്‌കരിച്ച് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X എന്നിവ നിരത്തിലെത്തിയത്. ഡുവല്‍ ടോണ്‍ നിറവും പിന്നില്‍ ഉയര്‍ന്നുനിന്ന ബാക്ക് റെസ്റ്റിന് പകരം സ്പോര്‍ട്ടി ഗ്രാബ് റെയില്‍ സ്ഥാനം പിടിച്ചതും ബ്ലാക്ക് 9 സ്പോക്ക് ആലോയി വീലുമാണ് പ്രധാന മാറ്റം.

Thundetbird X

എന്‍ജിനും എക്സ്ഹോസ്റ്റും പൂര്‍ണമായും ബ്ലാക്ക് നിറത്തിലേക്ക് മാറി. ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കറും തണ്ടര്‍ബേഡ് എക്‌സിന്റെ പ്രത്യേകതകളാണ്. പുതിയ ഹാന്‍ഡില്‍ ബാര്‍, സിംഗിള്‍ പീസ് സീറ്റ്, ട്യൂബ്ലെസ് ടയര്‍ എന്നിവയും പുതുമയാണ്.

മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റം വരുത്തിയിട്ടില്ല. 350X-ന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേര്‍ഡ് 500X ന് കരുത്തേകുക.

Content Highlights: Royal Enfield Launches Thunderbird 500X ABS At Rs 2.13 Lakh