റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ ഇരട്ടക്കുട്ടികളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരളത്തിലെ വിപണിയിലുമെത്തി. 2.34 ലക്ഷം രൂപയും 2.48 ലക്ഷം രൂപയുമാണ് ഈ ബൈക്കുകളുടെ കൊച്ചിയിലെ വില. 

ഇരട്ട സിലിന്‍ഡറിലേക്കുള്ള കമ്പനിയുടെ മടങ്ങിവരവാണിത്. മോഡേണ്‍ ക്ലാസിക് റോഡ്സ്റ്റര്‍ (സ്‌ക്രാമ്പ്ളര്‍) ഗണത്തിലാണ് ഇന്റര്‍സെപ്റ്റര്‍ 650. റോയല്‍ കോണ്ടിനന്റല്‍ ജി.ടി. 650 ആകട്ടെ കഫെ റേസര്‍ ഗണത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.   

50-60കളില്‍ നിരത്തുവാണ 'കഫെ റേസറു'കളുടെ മാതൃകയിലാണ് കോണ്ടിനന്റല്‍ ജി.ടി. 650. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറും ഇന്ധന ടാങ്കും പിറകിലേക്കു മാറിയ ഫൂട്ട് പെഗ്ഗുകളും ബൈക്കിനെ കഫേ റേസറാക്കി മാറ്റുന്നു. ട്യൂബുലാര്‍ സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ഇരട്ട ക്രാഡില്‍ ഫ്രെയിമാണ് ഈ മോഡലുകളില്‍ നല്‍കിയിരിക്കുന്നത്.

ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് രണ്ടിലും. മുന്നില്‍ 320 മില്ലീമീറ്റര്‍ ഡിസ്‌കും പിന്നില്‍ 240 മില്ലി മീറ്റര്‍ ഡിസ്‌കും ഉണ്ട്. ബോഷില്‍ നിന്നുള്ള ഇരട്ട ചാനല്‍ എ.ബി.എസ്. സുരക്ഷ ഇരു മോഡലുകള്‍ക്കുമുണ്ട്. 

നവീനമായ എയര്‍ കൂള്‍ഡ് 650 സി.സി. എന്‍ജിനാണ് ഈ വാഹനങ്ങള്‍ക്ക്. 47 കുതിരശക്തിയാണ് ഈ എന്‍ജിന്റെ ഉത്പാദന ശേഷി. ഇന്ത്യയിലാകെ വില ഏകീകരിക്കുന്നതിനായി കേരളത്തില്‍ എക്‌സ്ഷോറൂം വില കുറച്ചാണ് ഇട്ടിരിക്കുന്നതെന്ന് കമ്പനിയുടെ ഇന്ത്യന്‍ ബിസിനസ് തലവന്‍ ഷാജി കോശി പറഞ്ഞു.

രണ്ട് വാഹനങ്ങള്‍ക്കും മൂന്നു വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്‍സും നല്‍കുന്നതിനൊപ്പം തനത് ആക്സസറീസില്‍ 40 എണ്ണത്തിന് രണ്ട് വര്‍ഷ വാറന്റി കമ്പനി നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Content Highlights: Royal Enfield Interceptor, Continental GT 650 launched In Kerala Market