റെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ കോണ്ടിനെന്റില്‍ ജിടി 650, ഇന്റെര്‍സെപ്റ്റര്‍ 650 എന്നീ രണ്ടു മോഡലുകള്‍ ഇന്ത്യയിലെത്തി. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആദ്യ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്തേകുന്നത്. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 

Royal Enfield

535 സിസി കോണ്‍ടിനെന്റല്‍ ജിടിക്ക് പകരക്കാരനാണ് 650 സിസി കോണ്‍ടിനെന്റല്‍ ജിടി. ബേസ്‌, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളുണ്ട് രണ്ടിനും. റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650. പരമ്പരാഗത ഡിസൈനിലുള്ള ഇന്ധന ടാങ്കാണ് ഇതിലുള്ളത്. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും പ്രത്യേകതയാണ്. കോണ്‍ണ്ടിനന്റല്‍ ജിടി ലളിതമാണ്, ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം. നീളം കൂടിയ ഇന്ധനടാങ്ക്, ഉയരം കുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാര്‍ എന്നിവയാണ് കോണ്‍ണ്ടിനന്റല്‍ ജിടിയുടെ പ്രത്യേകത. 

648 സിസി എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇരട്ട സിലിന്‍ഡര്‍ എന്‍ജിനായതുകൊണ്ട് ശബ്ദത്തിന് കുറവുണ്ടാവില്ല. സ്ലിപ്പര്‍ ക്ലച്ചും എ.ബി.എസും വാഹനത്തിലുണ്ട്. രണ്ടിലും മുന്നില്‍ ടെലിസ്‌ക്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍. 320 മില്ലീമീറ്റര്‍ ഡിസ്‌ക് മുന്നിലും 240 മില്ലീമീറ്റര്‍ ഡിസ്‌ക് പിന്‍ ടയറിലുമുണ്ടാകും.

Royal Enfield
Continental GT 650

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. നേരത്തെ ബുക്കിങ് ആരംഭിച്ചിരുന്ന ഈ എന്‍ഫീല്‍ഡ് ഇരട്ടക്കുട്ടികളെ ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങും.

Royal Enfield

വില വിവരങ്ങള്‍ (എക്‌സ്‌ഷോറൂം വില) 

  • ഇന്റര്‍സെപ്റ്റര്‍ 650 ബേസ് - 2.50 ലക്ഷം രൂപ
  • ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം - 2.57 ലക്ഷം രൂപ
  • ഇന്റര്‍സെപ്റ്റര്‍ 650 ക്രോം - 2.70 ലക്ഷ രൂപ
  • കോണ്ടിനെന്റല്‍ ജിടി 650 ബേസ് - 2.65 ലക്ഷം രൂപ
  • കോണ്ടിനെന്റല്‍ ജിടി 650 കസ്റ്റം - 2.72 ലക്ഷം രൂപ 
  • കോണ്ടിനെന്റല്‍ ജിടി 650 ക്രോം - 2.85 ലക്ഷം രൂപ

Content Highlights; Royal Enfield Interceptor, Continental GT 650 launched in India