റോയൽ എൻഫീൽഡ് ഹണ്ടർ 350 | Photo: Royal Enfield
റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളില്‍ കുഞ്ഞനായി അവതരിച്ച വാഹനമാണ് ഹണ്ടര്‍ എന്ന റോഡ്‌സ്റ്റര്‍ മോഡല്‍. പുറത്തിറക്കി ആറ് മാസത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയെന്ന വമ്പന്‍ നേട്ടമാണ് ഈ കുഞ്ഞന്‍ മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതും റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ പ്ലാറ്റ്‌ഫോം സവിശേഷതയും താരതമ്യേന വലിപ്പം കുറവുള്ളതും ഈ വാഹനം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.
റെട്രോ, മെട്രോ, മെട്രോ റിബല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഹണ്ടറിന് യഥാക്രമം 1.50 ലക്ഷം രൂപ, 1.66 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡി.എന്‍.എ. നിലനിര്‍ത്തി പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന മോഡലാണ് ഹണ്ടര്‍. വേരിയന്റുകള്‍ അനുസരിച്ച് പ്രത്യേകം നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411-ലേത് പോലുള്ള ഹെഡ്‌ലാമ്പ്, ഇന്റിക്കേറ്റര്‍, റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിങ്ങ് നല്‍കി ഡ്യുവല്‍ ടോണില്‍ നല്‍കിയിട്ടുള്ള ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, സ്ലിപ്പ് ഗ്രാബ് റെയില്‍, വൃത്താകൃതിയിലുള്ള ടെയില്‍ലാമ്പ് തുടങ്ങിയവയാണ് ഈ വാഹനത്തെ കാഴ്ചയില്‍ മികച്ചതാക്കുന്നത്.
എന്‍ജിന്‍ ഏരിയ, എക്‌സ്‌ഹോസ്റ്റ്, തുടങ്ങി അലോയി വീലുകള്‍ വരെ എല്ലാം ബ്ലാക്ക് നിറത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെയുള്ളത്. അതേസമയം, ഉയര്‍ന്ന പതിപ്പില്‍ ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും നല്‍കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്.
റോയല്‍ എന്‍ഫീഡിന്റെ ക്ലാസിക്, മീറ്റിയോര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ഇത് 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നില്‍ 300 എം.എമ്മും പിന്നില്‍ 270 എം.എം വലിപ്പവുമുള്ള ഡിസ്‌ക് ബ്രേക്ക് ആണ് ഇതിലൊരുങ്ങുക. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. സംവിധാനവും ഈ ബൈക്കിലെ സുരക്ഷ കാര്യക്ഷമമാക്കും.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എടുക്കുന്ന സമയത്തിനെക്കാള്‍ രണ്ട് സെക്കന്റ് കുറവ് സമയത്തിനുള്ളില്‍ ഹണ്ടര്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 114 കിലോമീറ്ററാണ് പരമാവധി വേഗത. ക്ലാസിക് 350-യെക്കാള്‍ 10 കിലോ ഭാരം കുറച്ച് 181 കിലോഗ്രാം ഭാരമാണ് ഹണ്ടറിലുള്ളത്. 1370 എം.എം. വീല്‍ബേസും 800 എം.എം. സീറ്റ് ഹൈറ്റുമാണ് ഇതില്‍ നല്‍കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
Content Highlights: Royal enfield Hunter 350 achieve one lakh unit sale in six months, Royal Enfield Hunter 350
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..