ഗ്‌നിരക്ഷാസേനയുടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് തീയണയ്ക്കാന്‍ ഫയര്‍ ബൈക്കുകള്‍ നവി മുംബൈ അഗ്‌നിശമന സേനയുടെ ഭാഗമായി. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്കിനെ രൂപമാറ്റം വരുത്തിയാണ് ഫയര്‍ ബൈക്കുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 

തുടക്കത്തില്‍ 20 ലിറ്റര്‍ ശേഷിയുള്ള അഞ്ചു ബാക്ക് പാക് സ്‌റ്റൈല്‍ ഫയര്‍ ബൈക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കോര്‍പ്പറേഷനിലെ വാഷി, നെരൂള്‍, ബേലാപ്പുര്‍, ഐരോളി, കോപ്പര്‍ഖൈര്‍ണ എന്നീ അഞ്ചു ഫയര്‍സ്റ്റേഷനുകളിലാണ് ഓരോ ബൈക്ക് നല്‍കിയിരിക്കുന്നത്. 

ഇടുങ്ങിയ വഴികളിലൂടെ അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും അപകടസ്ഥലത്തേക്ക് സമയത്തിന് എത്താന്‍ കഴിയാതെ വരുന്നു. ഇത് പരിഹരിക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഫയര്‍ ബൈക്ക് എന്ന ആശയം ഉടലെടുത്തത്. 

പദ്ധതി വിജയിക്കുകയാണെങ്കില്‍ ഫയര്‍ ബൈക്കുകളുടെ എണ്ണം കൂട്ടുമെന്നും എന്‍.എം.എം.സി. ചീഫ് ഫയര്‍ ഓഫീസര്‍ ശിരീഷ് അരദ് വാദ് പറഞ്ഞു. അഗ്‌നിശമന സേനാപ്രവര്‍ത്തകര്‍ക്ക് ഫയര്‍ ബൈക്ക് ഉപയോഗിച്ച് തീയണയ്ക്കുന്നതിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയതായും ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

Content Highlights: Royal Enfield Himalayan Used As Fire Bikes, Fire Force, Fire Bikes