ന്ത്യന്‍ നിരത്തുകളില്‍ ഐതിഹാസിക യെസ്ഡി ബൈക്കുകള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായുള്ള സൂചനകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവരുന്നത്. എന്നാല്‍, മടങ്ങിവരവിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് തെളിയിച്ച് വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെയും മറ്റും ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. മുന്‍നിര ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ മോട്ടോര്‍ബീമാണ് യെസ്ഡിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ എന്ന അഡ്വഞ്ചര്‍ ബൈക്കിനുള്ള എതിരാളിയാണ് യെസ്ഡിയുടെ ആദ്യ മോഡലെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ടാം ജന്മം നല്‍കിയ ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയായിരിക്കും യെസ്ഡി ബൈക്കുകളും നിരത്തുകളില്‍ തിരിച്ചെത്തിക്കുകയെന്നാണ് വിവരം. യെസ്ഡിയുടെ സോഷ്യല്‍ മീഡിയ പേജുകളും ആക്ടീവായി കഴിഞ്ഞു.

ഹിമാലയനോട് സമാനതകളുള്ള രൂപത്തിലാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്കുകളും ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ടയറിനോട് ചേര്‍ന്നും ഉയര്‍ത്തിയും നല്‍കിയിട്ടുള്ള രണ്ട് ഫെന്‍ഡഫറുകള്‍, ഉയര്‍ന്ന വിന്‍ഡ് സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡ്, പെട്രോള്‍ ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ക്യാനുകള്‍, ലഗേജ് ബോക്‌സ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയവ നല്‍കിയാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

കണക്ടഡ് സംവിധാനങ്ങളോടെയാണ് ഈ ബൈക്ക് എത്തുന്നതെന്നാണ് മറ്റൊരു സൂചന. അതുകൊണ്ടുതന്നെ എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കൊപ്പം ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഈ ബൈക്കില്‍ ഒരുങ്ങും. അഡ്വഞ്ചര്‍ ശ്രേണിയില്‍ മാത്രമായിരിക്കില്ല യെസ്ഡിയുടെ ബൈക്കുകള്‍ എത്തുകയെന്നാണ് വിവരം. സ്‌ക്രാംബ്ലര്‍, റോഡ്കിങ്ങ് തുടങ്ങിയ ശ്രേണികളിലുള്ള ബൈക്കുകളുടെ ചിത്രങ്ങളും മുമ്പ് പുറത്തുവന്നിട്ടുണ്ട്.

യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ മെക്കാനിക്കല്‍ ഫീച്ചറുകളുമായി ബന്ധപ്പെട്ട സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍, ജാവ ബോബര്‍ ബൈക്കായ പരേക്കില്‍ നല്‍കിയിട്ടുള്ള 30 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമേകുന്ന 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് വിവരം. ആറ് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്‌സ്. ഹിമാലയനോട് സമാനമായ ടയറുകള്‍ നല്‍കുന്നതിനൊപ്പം സുരക്ഷ ഒരുക്കുന്നതിനായി എ.ബി.എസും ഇതില്‍ നല്‍കിയേക്കും.

Content Highlights: Royal Enfield Himalayan Rival Yezdi Adventure Bike Spied, Yezdi Motorcycle, Jawa Motorcycle