മിഡ്‌സൈസ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ മേധാവികളായ റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ബൈക്ക് മോഡലായ ഹിമാലയന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയ്ക്ക് പുറമെ, യൂറോപ്പ്, ബ്രിട്ടണ്‍ എന്നിവിടങ്ങളിലും ഇത്തവണ ഈ വാഹനമെത്തിയിട്ടുണ്ട്. ന്യൂ ഗ്രാനൈറ്റ് ബ്ലാക്ക്, മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നീ മൂന്ന് പുതിയ നിറങ്ങളിലെത്തിയിട്ടുള്ള ഈ ബൈക്കിന് 1.97 ലക്ഷം രൂപ മുതല്‍ 2.67 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
കണക്ടഡ് ബൈക്ക് ഫീച്ചറുകളുടെ അകമ്പടിയിലാണ് പുതിയ ഹിമാലയന്‍ എത്തിയിട്ടുള്ളത്. മീറ്റിയോര്‍ 350-യില്‍ നല്‍കിയിട്ടുള്ള ട്രിപ്പര്‍ നാവിഗേഷന്‍ ഇത്തവണ ഹിമാലയനിലും ഇടംനേടിയിട്ടുണ്ട്. ബൈക്കിലെ കണക്ടഡ് ഫീച്ചറുമായി ഫോണിലെ റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് കണക്ട് ചെയ്യുന്നതിലൂടെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിങ്ങ് കോളുകളും മെസേജുകളും തുടങ്ങിയവ ബൈക്കില്‍ നല്‍കിയിട്ടുള്ള മീറ്ററില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.
പുതിയ ഹിമാലയന്‍ വാങ്ങുന്നവര്‍ക്ക് 'മേയ്ക്ക് ഇറ്റ് യുവേഴ്സ്' പദ്ധതിയിലൂടെ അവര്‍ വാങ്ങാന്‍ പോകുന്ന ബൈക്കില്‍ ഇഷ്ടാനുസരണമുള്ള മാറ്റങ്ങള്‍ വരുത്താനാകും. പുതിയ ഹിമാലയനില്‍ സീറ്റ്, റിയര്‍ കാരിയര്‍, ഫ്രണ്ട് റാക്ക്, വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവയില്‍ കൂടുതല്‍ സൗകര്യപ്രദമായ നിരവധി മാറ്റങ്ങള്‍ വരുത്തി. മെച്ചപ്പെടുത്തിയ സീറ്റ്കുഷന്‍ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്. ഇതിലെ വിന്‍ഡ്സ്‌ക്രീന്‍ സഞ്ചാരിയുടെ മുഖത്തേക്ക് കാറ്റടിക്കുന്നത് തടയുന്നു.
മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് പുതിയ ഹിമാലയന്‍ എത്തിയിട്ടുള്ളത്. 24.3 ബി.എച്ച്.പി.പവറും 32 എന്‍.എം.ടോര്‍ക്കുമേകുന്ന 411 സി.സി. ലോങ്ങ് സ്‌ട്രോക്ക് എന്‍ജിനാണ് ഈ മോഡലിലും പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സസ്‌പെന്‍ഷന്‍, ബ്രേക്ക് തുടങ്ങിയവയും മുന്‍ മോഡലില്‍ നിന്ന് പറച്ചുനട്ടവയാണ്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് നല്‍കിയിട്ടുള്ളത്.
Content Highlights: Royal Enfield Himalayan Launched With New Colours And Connected Features