ഹിമാലയം തൊടാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ 'ഹിമാലയന്‍'


സി.സജിത്ത്‌

കുറച്ചുകൂടി സൗകര്യങ്ങളും സൗന്ദര്യവും നിറങ്ങളുമെല്ലാം ചേര്‍ത്തുകൊണ്ട് ഹിമാലയന്‍ വീണ്ടും വരികയാണ്.

റോയൽ എൻഫീൽഡ് ഹിമാലയൻ | Photo: Royal Enfield

ഹിമാലയത്തിന്റെ ഗരിമയുടെ ആരാധനയാണ് സിദ്ധാര്‍ഥ് ലാലിന്റെ മനസ്സില്‍ 'ഹിമാലയന്‍' എന്ന പേരിന് വിത്തിട്ടത്. അത് വളര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ നിര്‍മാണശാലയില്‍ നിന്ന് 'ഹിമാലയന്‍' എന്ന മോട്ടോര്‍ സൈക്കിള്‍ പിറവിയെടുക്കുമ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ചരിത്രത്തിലേക്കൊരു പുതിയ ഏട് തുറക്കുകയായിരുന്നു.

കുന്നും മലയും മഞ്ഞും വെള്ളവുമെല്ലാം നിഷ്പ്രയാസം കീഴടക്കുന്ന ഹിമാലയന്‍ ഇന്ത്യയിലെ സാഹസിക സഞ്ചാരികളുടെ മനസ്സിലേക്കും കയറാന്‍ അധികകാലം വേണ്ടിവന്നില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്രാഫ് ഉയര്‍ത്തിയതിനു പിന്നിലും ഈ അഡ്വഞ്ചര്‍ ടൂറിങ് മോട്ടോര്‍ സൈക്കിളിനുള്ള പങ്ക് ചെറുതല്ല. ഇപ്പോഴിതാ കുറച്ചുകൂടി സൗകര്യങ്ങളും സൗന്ദര്യവും നിറങ്ങളുമെല്ലാം ചേര്‍ത്തുകൊണ്ട് ഹിമാലയന്‍ വീണ്ടും വരികയാണ്.

ആദ്യം മാറ്റങ്ങള്‍ പറയാം

മുന്നിലെ വിന്‍ഡ്‌സ്‌ക്രീന്‍ ഒന്നുകൂടി സ്ലിം ആയി. പകരം കുറച്ചുകൂടി നീളം കൂടി. 'സ്‌മോക്ഡ് ഫിനിഷ്' എന്ന ചെറിയ ഷേഡോടു കൂടിയായി. ഫ്രണ്ട് റാക്കും ഒന്നുകൂടി പരിഷ്‌കരിച്ചു. കാലിന് നീളമുള്ളവര്‍ക്കും അനായാസമായ ഇരിപ്പിന് ഇതു മതി. കണ്‍സോളിലാണ് പ്രധാന അഴിച്ചുപണി. മെറ്റിയോറില്‍ കണ്ട ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഹിമാലയനിലേക്കും വന്നു. കൂടുതല്‍ ലഗേജ് സൂക്ഷിക്കാനായി പിന്നിലെ റാക്ക് ഒന്നുകൂടി കരുത്തേറ്റിയിട്ടുണ്ട്.

ഹിമാലയവുമായി ബന്ധപ്പെട്ട മൂന്ന് പുതിയ നിറങ്ങളിലാണ് ഹിമാലയന്റെ വരവ്. പൈന്‍ ഗ്രീന്‍ (ഹിമായലത്തിന്റെ പൈന്‍മരക്കാടുകളെ ഓര്‍മിപ്പിക്കുന്നു), ഗ്രാനൈറ്റ് ബ്ലാക്ക്, കറുത്ത മാറ്റ് ഫിനിഷ് ടാങ്കില്‍ മാതൃസ്ഥാപനമായ ഇംഗ്ലണ്ടിലെ എന്‍ഫീല്‍ഡ് ജനിച്ച വര്‍ഷത്തെ ഓര്‍മിപ്പിച്ച് '01' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. 1901 -ലായിരുന്നു ഈ ജനനം. മൂന്നാമത്തെ നിറമാണ് മിറാഷ് സില്‍വര്‍... ഇത്രയുമാണ് മാറ്റങ്ങള്‍.

ഇനി ഹിമാലയനെക്കുറിച്ച്

സാഹസികതയാണ് ഹിമാലയന്റെ മുഖമുദ്ര. കണ്ടാലൊരു ബുള്ളറ്റാണെന്ന് തോന്നുകയേയില്ല. ഉയരം തോന്നിക്കുന്ന മുന്‍ ഫോര്‍ക്കും മഡ്ഗാര്‍ഡുമെല്ലാം വ്യത്യസ്ത രൂപം നല്‍കുന്നു. മെലിഞ്ഞ രൂപം. കാഴ്ചയില്‍ ഉയരം തോന്നുമെങ്കിലും 800 എം.എം. മാത്രമേയുള്ളൂ സീറ്റിന്റെ ഉയരം. സീറ്റുകള്‍ ഒന്നുകൂടി പരിഷ്‌കരിച്ചിട്ടുണ്ട്. മികച്ച ഫോം ഉപയോഗിച്ചുള്ള സീറ്റുകള്‍ ഒന്നുകൂടി മൃദുത്വമായി. 'ബുള്ളറ്റി'ന്റെ ക്ലാസിക് രൂപം പ്രതിഫലിക്കുന്ന വട്ടത്തിലുള്ള ഹെഡ് ലൈറ്റിന് ചുറ്റുമുള്ള ക്രോം പുതിയ ആളില്‍ മാറി. കറുപ്പ് നിറമാണ് ഇപ്പോള്‍ ക്രോമിന്റെ സ്ഥാനത്ത്.

വീതിയേറിയ ഉയര്‍ന്ന ഹാന്‍ഡില്‍ ബാറാണ് ഹിമാലയനെ ഏത് പരിസ്ഥിതിക്കും ഇണങ്ങുന്നതാക്കുന്നത്. ദുര്‍ഘട റോഡുകളിലും ഓഫ് റോഡിങ്ങിനും മറ്റും സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ഓടിക്കുമ്പോഴും ഹാന്‍ഡില്‍ ബാറില്‍ ഒട്ടും ബലം നല്‍കേണ്ട ആവശ്യം വരുന്നില്ല. മികച്ച സീറ്റിങ് പൊസിഷന്‍. സീറ്റുകള്‍ പിന്‍സീറ്റ് യാത്രക്കാരനെയും പരിഗണിച്ച് തയ്യാറാക്കിയതാണ്.

ചെറിയ എല്‍.ഇ.ഡി. ടെയില്‍ ലാമ്പും ഉയര്‍ന്ന ഫെന്‍ഡറുമാണ് പിന്‍ഭാഗത്ത്. മോണോ ഷോക്കും ഉയര്‍ന്നുനില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റും തടിച്ച ടയറും കൂടിയാകുമ്പോള്‍ പിന്‍ഭാഗത്തിന് 'റഫ് ആന്‍ഡ് ടഫ്' ലുക്ക് വരുന്നു. 21 ഇഞ്ച് ടയറാണ് മുന്നില്‍. പിന്നില്‍ 17 ഇഞ്ച്. ലാങ് സ്‌ട്രോക്ക് 411 എന്‍ജിന് 6,500 ആര്‍.പി.എമ്മില്‍ 24.5 ബി എച്ച്.പി.യും 4,500 ആര്‍.പി.എമ്മില്‍ 32 എന്‍.എം, ടോര്‍ക്കുമുണ്ട്. റോഡിലും റോഡില്ലാത്തയിടത്തും ഒരേപോലെയാണ് റൈഡിങ് കംഫര്‍ട്ട്. ഫസ്റ്റ് ഗിയറില്‍ യാത്ര തുടങ്ങുമ്പോള്‍ത്തന്നെ സ്മൂത്ത്‌നെസ് തിരിച്ചറിയാം.

ഓഫ്‌റോഡിലാണ് ഇവന്‍ യഥാര്‍ഥ ഹിമാലയന്‍ ആകുന്നത്. ലോങ് ട്രാവല്‍ സസ്‌പെന്‍ഷനും 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സിനും മുന്നില്‍ പ്രതിബന്ധങ്ങള്‍ മാറിനില്‍ക്കും. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷന്‍. ഓഫ്‌റോഡില്‍ വേണമെങ്കില്‍ എ.ബി.എസ്. പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള സൗകര്യവുമുണ്ട്. എക്‌സ്‌ഷോറൂമില്‍ 1.97 ലക്ഷം രൂപ മുതല്‍ 2.06 ലക്ഷം രൂപ വരെയാണ് പുത്തന്‍ ഹിമാലയന്റെ വില. 35 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

SPECIFICATION

 • Engine Type Single Cylinder 4 stroke, Air cooled, SOHC
 • Displacemetn 411 cc
 • Max Power 24.31 PS @ 6500 rpmqe
 • Max Torque 32 Nm @ 4000-4500 rpm
 • Length 2190 mm
 • Width 840 mm
 • Heigth 1370 mm
 • Saddle Heigth 800 mm
 • Ground Clearance 220 mm
 • Wheelbase 1465 mm
 • Kerb Weigth 199 kg
Content Highlights: Royal Enfield Himalayan 2021 Model Test Drive Review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented