കേരളത്തിലെ വാഹനമേഖലയില്‍ ഏറ്റവുമധികം ഉണര്‍വുണ്ടാകുന്ന ആഘോഷകാലമാണ്‌ ഓണം. ഈ ഓണക്കാലത്ത് ഒരു ദിവസം 1000 ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30-നാണ് 1000 ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയത്. 

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹിമാലയന്‍, കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍, തണ്ടര്‍ബേഡ് എക്‌സ്, സ്റ്റാന്റേഡ് തുടങ്ങിയ ബൈക്കുകള്‍ ഈ ആയിരത്തില്‍ വരുന്നുണ്ട്. അതേസമയം ഒരോരോ മോഡലിന്റെയും കൃത്യമായ നമ്പറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയില്ല. 

കേരളത്തിലുടനീളം റോയല്‍ എന്‍ഫീല്‍ഡിന് 59 ഡീലര്‍ഷിപ്പുകളും 25 സ്റ്റുഡിയോ സ്റ്റോറുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ഷോറുമുകളില്‍ നിന്നെല്ലാമായാണ് ഒറ്റ ദിവസം 1000 ബൈക്കുകള്‍ നിരത്തുകളിലെത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വലിയ തിരിച്ചുവരവായാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. 

കൂടുതല്‍ ബൈക്കുകള്‍ എത്തിച്ച് ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് നിര വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി മീറ്റിയോര്‍ 350 എന്ന മോഡലാണ് നിരത്തുകളിലെത്താനൊരുങ്ങുന്നത്. 650 സിസി ശ്രേണിയിലെത്തുന്ന പുതിയ മോഡലിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Content Highlights: Royal Enfield Handover 1000 Bikes In Single Day