കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ ഇന്ത്യയിലെ വാഹനവിപണിയെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തിയിരിക്കുകയാണ്. പ്ലാന്റുകള്‍, ഡീലര്‍ഷര്‍ഷിപ്പുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് സര്‍വീസിനും വാറണ്ടിക്കും രണ്ടുമാസത്തെ സാവകാശം നല്‍കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വീസ് ഒരുക്കും. അതുപോലെ ഈ സമയത്ത് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടി നല്‍കുകയും, വാറണ്ടി പുതുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ മാസം പുറത്തിറങ്ങാനിരുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-യുടെ വരവും കമ്പനി നീട്ടിവെച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350-യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍. ബിഎസ്-6 എന്‍ജിനും പുതിയ ഡിസൈനുമാണ് ഇതിലെ ഹൈലൈറ്റ്.

ഇന്ത്യയില്‍ അനുവദിച്ചിരുന്ന സമയപരിധിക്കുള്ളില്‍ ബിഎസ്-4 വാഹനങ്ങള്‍ വിറ്റുതീര്‍ന്ന ഏക ഇരുചക്ര വാഹന നിര്‍മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ ഭൂരിഭാഗം മോഡലുകളും ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയിട്ടുണ്ട്. നിരത്തൊഴിയുന്ന 500 സിസി ബുള്ളറ്റും പകരക്കാരന്‍ ഒരുങ്ങുന്ന തണ്ടര്‍ബേഡ് 350-യിലുമാണ് ബിഎസ്-6 എന്‍ജിന്‍ നല്‍കാത്തത്.

ഇന്ത്യയിലെ എല്ലാ വാഹനനിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിന് കൂടുതല്‍ സമയം അനുവദിക്കുകയും വാറണ്ടി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനനിര്‍മാതാക്കളായ യമഹ, ഹീറോ, ഹോണ്ട, ടിവിഎസ്, ബജാജ്, കെടിഎം തുടങ്ങിയ കമ്പനികളും രണ്ട് മാസത്തേയ്ക്കാണ് സര്‍വീസും വാറണ്ടിയും നീട്ടി നല്‍കിയിട്ടുള്ളത്.

Content Highlights: Royal Enfield Extends Warranty And Free Services Due To Corona Virus