രാജ്യത്ത് നടപ്പാക്കുന്ന സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350-യിലും ഡ്യുവല്‍ ചാനല്‍ എബിഎസ് ബ്രേക്കിങ് സുരക്ഷ ഒരുക്കി. ഇതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ എല്ലാ മോഡലുകളിലും എബിഎസ് സുരക്ഷ ഒരുങ്ങി. 

റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് മോഡലുകളായ ക്ലാസിക് 500, ബുള്ളറ്റ് 500, കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍, ഹിമാലയന്‍ തുടങ്ങിയ മോഡലുകളില്‍ മുമ്പ് തന്നെ എബിഎസ് സംവിധാനം ഒരുക്കിയിരുന്നു. ഏറ്റവും ഒടുവിലാണ് ക്ലാസിക് 350-യില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.

എബിഎസ് സംവിധാനം അവതരിപ്പിക്കുന്നതോടെ അടിയന്തിര ഘട്ടത്തിലുള്ള ബ്രേക്കിങ് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ, ട്രാക്ഷന്‍ കണ്‍ട്രോളിനൊപ്പം ഡുവല്‍ ചാനല്‍ എബിഎസില്‍ ടയറുകളെ നീയന്ത്രിക്കുന്നതിനായി രണ്ട് സെന്‍സര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

ഡ്യുവല്‍ ചാനല്‍ എബിഎസ് ഒരുക്കിയതോടെ 6000 രൂപയാണ് ക്ലാസിക് 350-ക്ക് വില ഉയരുന്നത്. 1.47 ലക്ഷം രൂപ മുതല്‍ 1.43 ലക്ഷം രൂപ വരെയായിരിക്കും ക്ലാസിക് 350-യുടെ എക്‌സ്‌ഷോറും വില.

മെക്കാനിക്കലായി മറ്റങ്ങള്‍ വരുത്തിയിട്ടില്ല. സിംഗിള്‍ സിലണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍-കൂള്‍ഡ് ട്വിന്‍സ്പാര്‍ക്ക് എന്‍ജിനാണ് ബുള്ളറ്റ് 350യില്‍ ഉപയോഗിച്ചിരുന്നത്. 346 സിസി എന്‍ജിന്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Royal Enfield equips Classic 350 with Dual-Channel ABS