കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെ മറികടക്കാന്‍ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ വലിയ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാഹന നിര്‍മാതാക്കളുടെ ഈ ഉദ്യമത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കോവിഡ് പ്രതിരോധത്തിനായി രണ്ട് കോടി രൂപയുടെ ധനസഹായമാണ് ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് രണ്ട് കോടി രൂപ ധനസഹായം നല്‍കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കരുത്തേകാന്‍ റോയല്‍ എന്‍ഫീല്‍ഡ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

തമിഴ്‌നാടിനെ സ്വന്തം കുടുംബമായാണ് റോയല്‍ എന്‍ഫീല്‍ഡ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ സഹായമെത്തിക്കാനും റോയല്‍ എന്‍ഫീല്‍ഡ് പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്ന് കമ്പനി മേധാവി അറിയിച്ചു. 

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി തമിഴ്‌നാട് സര്‍ക്കാരിന് അഞ്ച് കോടി രൂപയുടെ ധനസഹായം നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ക്കായി എം.ജി. മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ തുടങ്ങിയ കമ്പനികളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്.

Content Highlights: Royal Enfield Donates 2 Crore Rupees To Tamilnadu Covid Relief Fund