ന്ത്യന്‍ നിരത്തുകളില്‍ ശക്തമായ മേധാവിത്വമുള്ള ഇരുചക്ര വാഹനനിര്‍മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. 300 സിസിക്ക് മുകളില്‍ കരുത്തുള്ള ബൈക്കുകളുടെ ശ്രേണി റോയല്‍ എന്‍ഫീല്‍ഡിന്റെ കൈയില്‍ ഭദ്രമാണ്. ഇവയ്‌ക്കൊപ്പം ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലും ശക്തമായ സാന്നിധ്യമാകുന്നുള്ള ശ്രമത്തിലാണ് ഈ വാഹന നിര്‍മാതാക്കള്‍. 

ഇലക്ട്രിക്ക് ബൈക്കുകള്‍ നിരത്തുകളിലെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും, ഇതിന്റെ ഭാഗമായ ബൈക്കുകളുടെ മാതൃക നിര്‍മിച്ചിട്ടുണ്ടെന്നും റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് ദസാരി ഓണ്‍ലൈന്‍ പോര്‍ട്ടലായ മണി കണ്‍ട്രോളിനോട് പറഞ്ഞു. ഇലക്ട്രിക് ബൈക്കുകളുടെ ശരിയായ ശ്രേണി തീരുമാനിക്കുന്നതിനായി ഒരു ടീമിനെയും ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ സാധ്യമാണോ എന്നല്ല, മറിച്ച് ഇത് എപ്പോള്‍ മുതല്‍ എത്തി തുടങ്ങുമെന്നാണ് ചിന്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഏതാനും ഇലക്ട്രിക് ബൈക്ക് മാതൃകകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശ്രേണി തിരിച്ചറിഞ്ഞാലുടന്‍ ഈ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലേക്ക് എത്തുമെന്നും വിനോദ് ദസാരി അറിയിച്ചു. 

2019-നെ അപേക്ഷിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വില കുറവുള്ളതും കരുത്ത് കുറഞ്ഞതുമായ വാഹനങ്ങള്‍ക്കാണ് ഏറെ ഡിമാന്റുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഇറക്കിയ നിര്‍ദേശം അനുസരിച്ച് ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. ഇതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടാ, ടിവിഎസ് മോട്ടോര്‍ കമ്പനി, ഹീറോ മോട്ടോകോര്‍പ്, ഹോണ്ട, സുസുക്കി, യമഹ തുടങ്ങിയവരെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇതിനുപുറമെ, ചില സ്റ്റാര്‍ട്ട്-അപ്പുകളുടെ നേതൃത്വത്തില്‍ നിര്‍മിച്ചിട്ടുള്ള ഇലക്ട്രിക് ബൈക്കുകള്‍ വൈകാതെ തന്നെ നിരത്തുകളിലെത്താന്‍ ഒരുങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Source: Money Control

Content Highlights: Royal Enfield Develops Prototype Of Electric Bikes