ഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ ആദ്യമായി മറനീക്കി പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ മോഡലായ 'കെഎക്‌സ് കണ്‍സെപ്റ്റ്' തായ്‌ലാന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ബാങ്കോക്ക് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. തായ്‌ലാന്‍ഡില്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോബര്‍ മോഡല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമേ കമ്പനിക്ക് നിര്‍മാണ-അസംബ്ലിള്‍ കേന്ദ്രമുള്ള ഒരേയൊരു രാജ്യമാകും തായ്‌ലാന്‍ഡ്. 

KX Concept

1938-ല്‍ പുറത്തിറങ്ങിയ പഴയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്സ് ബൈക്കുകള്‍ക്ക് ആദരമര്‍പ്പിച്ചാണ് പുതിയ കെഎക്‌സ് കണ്‍സെപ്റ്റിന്റെ നിര്‍മാണം. രൂപത്തിലും ആ പഴയ പ്രൗഢി പ്രകടം. 90 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 838 സിസി വി-ട്വിന്‍ ഓയില്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ്‌ വാഹനത്തിന് കരുത്തുപകരുന്നത്‌. റോയല്‍ എന്‍ഫീല്‍ഡും പൊളാരിസും ചേര്‍ന്നാണ്‌ ഈ എന്‍ജിന്‍ വികസിപ്പിച്ചത്‌. ആറ് സ്പീഡാണ്‌ ഗിയര്‍ബോക്സ്. 1140 സിസി ട്വിന്‍ എന്‍ജിനിലായിരുന്നു പഴയ കെഎക്സിന്റെ ഹൃദയത്തുടിപ്പ്. ചരിത്രത്തില്‍ എന്‍ഫീല്‍ഡിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനും ഇതായിരിക്കുന്നു. 

റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് പുതിയ കെഎല്‍സിന്റെ ഡിസൈന്‍. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, മള്‍ട്ടി സ്‌പോക്ക് അലോയി വില്‍, വലിയ ടയറുകള്‍, സ്പോര്‍ട്ടി ടാങ്ക്, റൗണ്ട് ഹെഡ്ലൈറ്റ്, മാസീവ് എന്‍ജിന്‍, ഷോര്‍ട്ട് ഫെന്‍ഡര്‍ എന്നിവയെല്ലാം ചേര്‍ന്ന് കെഎക്‌സ് കണ്‍സെപ്റ്റിന്‌ കരുത്തന്‍ പരിവേഷം നല്‍കും. പൂര്‍ണമായും ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. മുന്നില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയൊരുക്കുന്നത്. 

KX Concept

2017 മാര്‍ച്ച് മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബോബര്‍ കണ്‍സെപ്റ്റിന്റെ പണിപ്പുരയിലാണ്. ഇന്ത്യയിലും ബ്രിട്ടണിലുമായിട്ടാണ് ഇതിന്റെ രൂപകല്‍പന നടന്നത്. 2022-ഓടെ ബോബര്‍ മോഡല്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights; Royal Enfield Concept KX Showcased At Bangkok Motor Show