റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 | Photo: Car and Bike
ബുള്ളറ്റ് പ്രേമികളുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് റോയല്‍ എന്റഫീല്‍ഡിന്റെ പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്‌ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്.
റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം ബെസല്‍ നല്‍കിയുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റര്‍, ക്രോം ആവരണം നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് ഡിസൈനിങ്ങില്‍ സ്റ്റൈലിഷാക്കുന്നത്.
ടെയ്ല്‍ലാമ്പും ഇന്റിക്കേറ്ററുകളും പുതിയ ഡിസൈനിലുള്ളതാണ്. യു.എസ്.ബി. ചാര്‍ജിങ്ങ് ഓപ്ഷന്‍, പുതിയ ബാക്ക് സീറ്റ്, പൊസിഷന്‍ മാറ്റിയ ഗ്രാബ് റെയില്‍, മികച്ച റൈഡിങ്ങ് പൊസിഷന്‍ ഉറപ്പാക്കുന്നതിനായി നല്‍കിയ പുതിയ ഹാന്‍ഡില്‍, പുതിയ ഗ്രാഫിക്‌സുകള്‍, ഡിജിറ്റല്‍ ഫ്യുവല്‍ ഗേജ് നല്‍കിയിട്ടുള്ള പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഗൂഗിളുമായി സഹകരിച്ച് റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ച ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയവ ഈ ബൈക്കിലെ പുതുമകളാണ്.
റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് അഭിപ്രായപ്പെടുന്നത്. മീറ്റിയോര്‍ 350-യുമായി എന്‍ജിനും ഗിയര്‍ബോക്‌സും പങ്കിട്ടാണ് പുതിയ ക്ലാസിക്ക് വിപണിയില്‍ എത്തിച്ചതെന്നും കമ്പനി അറിയിച്ചു.
കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും.
Content Highlights: Royal Enfield Classic 350 New Generation Model Launched In India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..