ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ കരുത്തേകുന്ന റോയൽ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.65 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 11,000 രൂപയാണ് പുതിയ മോഡലിന്റെ അധിക വില. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി പുതിയ ക്ലാസിക് 350-യുടെ ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന് പുറമെ, ഫ്യുവല്‍ ഇഞ്ചക്ഷന്‍ (എഫ്‌ഐ) ടെക്‌നോളജിയിലുമാണ് പുതിയ ക്ലാസിക് 350 എത്തിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന കാര്‍ബുറേറ്റര്‍ പതിപ്പിനെക്കാള്‍ മികച്ച പ്രകടനം എഫ്‌ഐ മോഡല്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350-ക്ക് നല്‍കുന്നുണ്ട്.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ വാഹനത്തിന്റെ കരുത്തും മറ്റ് വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മുന്‍ മോഡലുകളിലെ 346 സിസി എന്‍ജിന്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. പുതിയ മോഡലില്‍ ഇന്ധന ക്ഷമതയും കൂടുതല്‍ പ്രതീക്ഷിക്കാം.

സ്റ്റൈല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ കൂടി ഇനി ക്ലാസിക് 350 നിരത്തുകളിലെത്തും. സിഗ്നല്‍ സ്‌റ്റോംറൈഡര്‍ സാന്റ്, സിഗ്നല്‍ എയര്‍ബോണ്‍ ബ്ലൂ, സിഗ്നല്‍ ഗണ്‍മെറ്റല്‍ ഗ്രേ എന്നീ പതിപ്പുകള്‍ തുടര്‍ന്ന് നിരത്തുകളിലെത്തും. ഇതില്‍ സ്റ്റെല്‍ത്ത് ബ്ലാക്ക്, ഗണ്‍മെറ്റല്‍ ഗ്രേ നിറങ്ങളിലുള്ള ക്ലാസിക് 350-ക്ക് അലോയി വീലും ട്യൂബ്‌ലെസ് സ്റ്റാന്റേഡായി നല്‍കും.

Content Highlights: Royal Enfield Classic 350 BS-6 Engine Model Launched